Headlines

റമസാനിൽ കുട്ടികളെ പ്രാർഥനകളിൽ സജീവമാക്കുന്നതിനായി ‘അയാൽ അൽ ഫ്രീജ്’ രണ്ടാം വർഷത്തിലേക്ക്

Fatima Mosque in Kuwait City, Middle East

വ്രതമാസമായ റമസാനിൽ കുട്ടികളെ പള്ളികളുമായി കൂടുതൽ അടുപ്പിക്കാനും പ്രാർഥനകളിൽ സജീവമാക്കാനുമായി ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് നടപ്പിലാക്കുന്ന ‘അയാൽ അൽ ഫ്രീജ്’ പദ്ധതി രണ്ടാം വർഷവും സജീവമാകുന്നു. കഴിഞ്ഞ തവണ 180 പള്ളികളിലുണ്ടായിരുന്ന ഈ പദ്ധതി ഇത്തവണ മുന്നൂറിലധികം പള്ളികളിലേക്കാണ് വ്യാപിപ്പിച്ചിരിക്കുന്നത്. ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായാണ് ഈ റമസാൻ വിരുന്നൊരുങ്ങുന്നത്.കുട്ടികളിൽ അച്ചടക്കവും ആരാധനാ ശീലങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം അവർക്ക് നൽകുന്ന പ്രത്യേക ‘പാസ്പോർട്ടുകൾ’ ആണ്. റമസാനിലെ എല്ലാ ദിവസവും പള്ളികളിലെത്തി തറാവീഹ് നമസ്കാരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ പാസ്പോർട്ടുകളിൽ ഇമാം മുദ്ര പതിപ്പിച്ചു നൽകും. ഫെബ്രുവരി 14 മുതൽ തന്നെ പള്ളികളിൽ പാസ്പോർട്ട് വിതരണം ആരംഭിച്ചു കഴിഞ്ഞു. നിശ്ചിത കോഡ് ഉപയോഗിച്ച് റജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് തങ്ങളുടെ വീടിനടുത്തുള്ള പള്ളികളിലെത്തി ഈ പദ്ധതിയുടെ ഭാഗമാകാം.

കുട്ടികളെ ആകർഷിക്കാൻ പ്രാർഥനയ്ക്കൊപ്പം മധുരവും ഇത്തവണയുണ്ട്. റമസാൻ തീമിൽ ഒരുക്കിയ ഐസ്ക്രീം ട്രക്കുകൾ പള്ളികളിൽ കറങ്ങി നടന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്യും. ഇതിന്റെ റൂട്ട് മാപ്പും സമയക്രമവും ഐ.എ.സി.എ.ഡി അവരുടെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി അറിയിക്കും. ഇതിന് പുറമെ നിരവധി സർപ്രൈസ് സമ്മാനങ്ങളും പള്ളികളിൽ കുട്ടികളെ കാത്തിരിക്കുന്നുണ്ട്.

കുട്ടികൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചുവേണം പള്ളിയിലെത്താൻ എന്ന നിബന്ധനയുണ്ട്. ആൺകുട്ടികൾ കന്തൂറയും ഗുത്രയും ധരിക്കുമ്പോൾ പെൺകുട്ടികൾ ഹിജാബും ദേശീയ വസ്ത്രവും അണിയണം. ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ‘സീസൺ ഓഫ് വുൾഫ’ എന്ന വിപുലമായ പരിപാടിയുടെ ഭാഗമായാണ് അയാൽ അൽ ഫ്രീജ് സംഘടിപ്പിക്കുന്നത്. കുടുംബബന്ധങ്ങൾ ദൃഢമാക്കാനും സാംസ്കാരിക മൂല്യങ്ങൾ പകർന്നു നൽകാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ കരുതുന്നു.

Leave a Reply