വ്രതമാസമായ റമസാനിൽ ദുബായിലെ പൊതു പാർക്കിങ് സമയങ്ങളിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) മാറ്റം വരുത്തി. നോമ്പുതുറ സമയങ്ങളിൽ വിശ്വാസികൾക്കും പൊതുജനങ്ങൾക്കും ആശ്വാസമേകി വൈകിട്ട് ആറു മുതൽ രാത്രി എട്ടു വരെ പാർക്കിങ് സൗജന്യമായിരിക്കും. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും, തുടർന്ന് രാത്രി 8 മുതൽ അർധരാത്രി 12 വരെയുമാണ് പാർക്കിങ് ഫീസ് ഈടാക്കുക.ഞായറാഴ്ചകളിൽ പതിവുപോലെ പാർക്കിങ് സൗജന്യമായിരിക്കും. അതേസമയം, മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രങ്ങളിൽ 24 മണിക്കൂറും ഫീസ് ബാധകമായിരിക്കും. മെട്രോ, ട്രാം, ബസ് സർവീസുകളുടെയും വാഹന പരിശോധനാ കേന്ദ്രങ്ങളുടെയും പുതുക്കിയ സമയക്രമവും അധികൃതർ പുറത്തിറക്കി.
∙ മെട്രോയും ട്രാമും
ദുബായ് മെട്രോ (റെഡ്, ഗ്രീൻ ലൈൻ): തിങ്കൾ മുതൽ വ്യാഴം വരെയും ശനിയാഴ്ചയും പുലർച്ചെ 5 മുതൽ അർധരാത്രി 12 വരെ സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ പുലർച്ചെ 5 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെയാണ് സമയം. ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ രാത്രി 12 വരെയായിരിക്കും മെട്രോ ഓടുക.∙ വാഹന പരിശോധന (തസ്ജീൽ)
വാഹന പരിശോധനയ്ക്കും രജിസ്‌ട്രേഷനുമായി പ്രവർത്തിക്കുന്ന തസ്ജീൽ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഭൂരിഭാഗവും രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും. രാവിലെ 8 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ അർധരാത്രി 12 വരെയുമാണ് പ്രവർത്തന സമയം. വെള്ളിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയും രാത്രി 8 മുതൽ അർധരാത്രി 12 വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തസ്ജീൽ ജബൽ അലി (രാവിലെ 7 – വൈകിട്ട് 4), ഹത്ത (രാവിലെ 8 – വൈകിട്ട് 3) എന്നീ കേന്ദ്രങ്ങളിൽ രാത്രി ഷിഫ്റ്റ് ഉണ്ടായിരിക്കില്ല.
∙ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ
ഉമ്മു റമൂലിലെ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. അൽ മനാറ, അൽ ത്വവാർ, അൽ കിഫാഫ് സെന്ററുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പ്രവർത്തിക്കുക.

