Headlines

റമദാൻ തിരക്ക്: മക്കയിലേക്കുള്ള ബസുകൾക്കായി പുതിയ രജിസ്‌ട്രേഷൻ പ്ലാറ്റ്‌ഫോം നിലവിൽ വന്നു

റമദാൻ മാസത്തിൽ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് മക്കയിലേക്കുള്ള ബസ് ഗതാഗതം ക്രമീകരിക്കുന്നതിനായി പ്രത്യേക പ്ലാറ്റ്‌ഫോം ആരംഭിച്ചു. മക്ക ജനറൽ ട്രാൻസ്‌പോർട്ട് സെൻററാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.

നഗരത്തിലേക്കുള്ള ബസുകളുടെ പ്രവേശനം സുഗമമാക്കുന്നതിനൊപ്പം ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നത്. തീർത്ഥാടകരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കർശനമായ ചട്ടങ്ങളും മാർഗനിർദേശങ്ങളും പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

മറ്റ് നഗരങ്ങളിൽ നിന്ന് മക്കയിലേക്ക് സർവിസ് നടത്തുന്ന എല്ലാ ബസ് ഓപ്പറേറ്റർമാരും ഡ്രൈവർമാരും പ്ലാറ്റ്‌ഫോമിൽ രജിസ്​റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്‌ട്രേഷൻ പ്രക്രിയയിൽ കൃത്യമായ നിയന്ത്രണങ്ങളും സുരക്ഷാ നിബന്ധനകളും പാലിക്കണമെന്ന് സെൻറർ അറിയിച്ചു. റമദാനിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നിർദേശങ്ങൾ ഈ പ്ലാറ്റ്‌ഫോമിലൂടെ ഓപ്പറേറ്റർമാർക്ക് ലഭ്യമാകും.

റമദാനിലെ ഗതാഗത ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി എല്ലാ ഓപ്പറേറ്റർമാരും അപേക്ഷകൾ സമർപ്പിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Leave a Reply