റംസാൻ മാസത്തിൽ റിയാദ് മെട്രോയുടെ പ്രവർത്തന സമയം പുതുക്കി. മുഴുവൻ യാത്രക്കാർക്കും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും യാത്രക്കാരുടെ സൗകര്യങ്ങൾ മുഖവിലക്കെടുത്തുമാണ് റിയാദ് മെട്രോയുടെയും സിറ്റി ബസുകളുടെയും ദൈനംദിന പ്രവർത്തന സമയം പുതുക്കിയത്.
പ്രഖ്യാപിച്ച ഷെഡ്യൂൾ അനുസരിച്ച്, റിയാദ് മെട്രോ ട്രെയിനുകൾ ഞായറാഴ്ച്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ പുലർച്ചെ 2:30 വരെ സേവനം ഉണ്ടായിരിക്കും. എന്നാൽ, വെള്ളിയാഴ്ച രാവിലെ 11 മുതൽ പുലർച്ചെ 3 വരെയായിരിക്കും പ്രവർത്തിക്കുക. ശനിയാഴ്ച്ച രാവിലെ 11 മുതൽ 2:30 വരെയും സർവീസ് നടത്തും.
റിയാദ് ബസുകൾ ദിവസവും രാവിലെ 6:30 മുതൽ പുലർച്ചെ 3 മണി വരെയാണ് സർവീസ് നടത്തുക. ഓൺ-ഡിമാൻഡ് ബസുകൾ ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3 മണി വരെ സേവനത്തിലുണ്ടായിരിക്കും. എന്നാൽ വെള്ളിയാഴ്ച രാവിലെ 10:30 മുതൽ 3:30 വരെയും, ശനിയാഴ്ച രാവിലെ 10:30 മുതൽ 3 മണി വരെയും സർവീസ് നടത്തും.

