Headlines

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് കൂടുതൽ കോൺഗ്രസ് നേതാക്കൾ

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് കൂടുതൽ കോൺഗ്രസ് നേതാക്കൾ. ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചവർ ആരും ഇതുവരെ പരാതി കൊടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന് പിന്തുണ നൽകുന്നത്. അതേസമയം,വിശദീകരണം പോലും ചോദിക്കാതെ സസ്‌പെൻഡ് ചെയ്തതിലെ അതൃപ്തിയിലാണ് എ ഗ്രൂപ്പ്. ഈ മാസം പതിനഞ്ചിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ അവധിയെടുത്ത് മാറി നിൽക്കുന്നതാണ് വിഷയത്തിൽ ഭരണപക്ഷത്തിൻറെ വായടിപ്പിക്കാൻ നല്ലതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ അനുകൂലിക്കുന്നവരുടെ പക്ഷം.

എന്നാൽ, സസ്‌പെൻഷന് കൈപൊക്കിയവർ പോലും സഭയിൽ നിന്ന് രാഹുലിനെ വിലക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വന്നാലും സമാന ആരോപണം നേരിടുന്നവരെ ചൂണ്ടി ഭരണപക്ഷത്തെ നേരിടാമെന്നാണ് വാദം.

രാഹുലിനെതിരെ ഇതുവരെ പരാതിയില്ലെന്നും നിയമസഭയിൽ വരുന്നതിൽ തടസ്സമില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. ശരിയായ കോഴികൾ ഭരണപക്ഷത്തുണ്ടെന്നും കെ മുരളീധരൻ പരിഹസിച്ചു. അതേസമയം, രാഹുലിനെതിരായ ആരോപണങ്ങളെ ലഘൂകരിച്ച് കണ്ടാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പിന്തുണ ആവർത്തിക്കുന്നത്. കടുത്ത നടപടിയാണ് രാഹുലിനെതിരെ എടുത്തതെന്നും മാറ്റി നിർത്തൽ തത്കാലത്തേക്കെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി. രാഹുൽ പങ്കെടുക്കാൻ തീരുമാനിച്ചാൽ സംരക്ഷണം നൽകേണ്ടത് നിയമസഭാ സെക്രട്ടേറിയറ്റിൻറെയും സർക്കാരിൻറെയും നിയമപരമായ ബാധ്യതയാണെന്ന് മുൻ മന്ത്രി കെസി ജോസഫും പ്രതികരിച്ചു.

Leave a Reply