Headlines

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ മുഖം നോക്കാതെ നടപടിയെന്ന് വിഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കെതിരെ ആരോപണം ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നാണ് വിഡി സതീശൻ പറയുന്നത്. ആരോപണമുന്നയിച്ച പെൺകുട്ടി റിനി മകളെപ്പോലെയാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിട്ടു വീഴ്ചയുണ്ടാകില്ല. എത്ര വലിയ നേതാവ് ആണെങ്കിലും നടപടിയെടുക്കുമെന്നും വിഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഒരു മെസേജ് അയച്ചാൽ തൂക്കി കൊല്ലാൻ കഴിയില്ലെന്നും വ്യക്തിപരമായി ഒരാളും പരാതി പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു.

ഗൗരവമുള്ള പരാതി ഇപ്പോഴാണ് വന്നത്. പരാതി പാർട്ടി പരിശോധിക്കും. നടപടിക്ക് മുൻകൈയെടുക്കും. മുമ്പിൽ വന്ന പരാതിയുടെ ഗൗരവം അനുസരിച്ച് നടപടി സ്വീകരിച്ചു കഴിഞ്ഞു. കോൺഗ്രസിലെ എല്ലാ ചെറുപ്പക്കാരെയും ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. ഗൗരവത്തോടുള്ള പരാതി വരുന്നത് ഇപ്പോഴാണ്. തന്നെ കൂടി ഇരയാക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചതെന്നും വിഡി സതീശൻ പറഞ്ഞു. ആരോപണ വിധേയന് പറയാനുള്ളത് കൂടി കേട്ട് നടപടിയെ‌ടുക്കും. നടപടിയെടുക്കുന്നതിന് പാർട്ടിയിൽ ഒരു നടപടിക്രമമുണ്ട്. പരാതിയുടെ ഗൗരവം നോക്കും. ആരോപണ വിധേയന് പറയാനുള്ളത് കേൾക്കുമെന്നും ശേഷമായിരിക്കും നടപടി എടുക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. ഏതു നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശൻ വ്യക്തമാക്കി.

അതേസമയം, ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുലിനെ മാറ്റിയേക്കും. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാൻ ഹൈക്കമാൻ്റാണ് നിർദ്ദേശിച്ചത്. എന്നാൽ, രാഹുൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസ്സിൽ ആവശ്യം ഉയരുകയാണ്.

Leave a Reply