Headlines

രാഷ്ട്രപതി ഇന്ന് ശബരിമലയിൽ; പ്രത്യേക വാഹനത്തിൽ സന്നിധാനത്തെത്തും; തീർത്ഥാടകർക്ക് നിയന്ത്രണം

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ശബരിമലയിൽ ദർശനം നടത്തും. രാവിലെ രാജ് ഭവനിൽ നിന്ന് പുറപ്പെട്ട രാഷ്ട്രപതി വ്യോമസേന ഹെലികോപ്റ്ററിൽ ശബരിമലയിലേക്ക് യാത്ര തിരിച്ചു. നിലയ്ക്കലിന് പകരം രാവിലെ 9. 05 ന് പ്രമാടത്ത് ഹെലികോപ്റ്റർ ഇറങ്ങും. തുടർന്ന് റോഡു മാർഗം പമ്പയിലെത്തും. തുടർന്ന് പ്രത്യേക വാഹനത്തിൽ സന്നിധാനത്തേക്ക് തിരിക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ഭാര്യ, ദേവസ്വം മന്ത്രി വി എൻ വാസവൻ എന്നിവർ രാഷ്ട്രപതിക്കൊപ്പം പുറപ്പെട്ടിട്ടുണ്ട്.

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി രാഷ്ട്രപതി സ്വാമി അയ്യപ്പനെ ദർശിക്കും. രാവിലെ 11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. രാഷ്ട്രപതിക്ക് ദേവസ്വം ബോർഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പ രൂപം നൽകും. ഉച്ചയ്ക്ക് 12.20 ന് ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും.

രാഷ്ട്രപതിയുടെ സന്ദർശനത്തോടന് അനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദർശനം കഴിഞ്ഞു മടങ്ങുന്നതു വരെ മറ്റു തീർത്ഥാടകർക്ക് നിലയ്ക്കലിന് അപ്പുറത്തേക്ക് പ്രവേശനം അനുവദിക്കില്ല. രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ശബരിമലയിലും പമ്പയിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പൊലീസ് കഴിഞ്ഞദിവസം സുരക്ഷാപരിശോധന നടത്തിയിരുന്നു.

വ്യാഴാഴ്ച രാവിലെ 10ന് രാജ്ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ പ്രതിമ അനാച്ഛാദനംചെയ്യും. 12.20ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട് 4.15ന് പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച പകൽ 12.10ന് എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിയിൽ നിന്നും രാഷ്ട്രപതി ഡൽഹിക്ക് മടങ്ങും.

Leave a Reply