രക്തസാക്ഷി ഫണ്ട് തിരിമറി വെളിപ്പെടുത്തൽ നടത്തിയ പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി. കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. അച്ചടക്കനടപടി ചർച്ച ചെയ്യാൻ ചേർന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് ഇന്നലെ തീരുമാനിച്ചിരുന്നു. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനമാണ് ജില്ലാകമ്മറ്റി യോഗത്തിൽ ഉയർന്നത്. കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തിയതിൽ ഉൾപ്പെടെയുള്ള പാർട്ടി നിലപാടിൽ വിമർശനം ഉയർന്നു.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനാണ് നടപടി ജില്ല കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തത്. നടപടി 27ന് പയ്യന്നൂരിലെ പാർട്ടി അംഗങ്ങളുടെ യോഗം വിളിച്ച് റിപ്പോർട്ട് ചെയ്യും. പുറത്താക്കലിന് പിന്നാലെ ലോക്കൽ, ജനറൽ ബോഡി യോഗങ്ങൾ ചേരാനും തീരുമാനമായിട്ടുണ്ട്. ഇന്ന് 3.30ന് കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
രക്തസാക്ഷി ഫണ്ട് തിരിമറി വെളിപ്പെടുത്തൽ;വി. കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സി.പി.എം

