യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി. അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ്. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.
തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. വധശിക്ഷയ്ക്കുള്ള ഉത്തരവ് ജയിലില്‍ എത്തിയതായും സൗദിയിലെ എന്ത്യന്‍ എംബസിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ റദ്ദാക്കാൻ ഉള്ള നീക്കങ്ങൾ നടക്കുന്നതിനിടയാണ് ജയിലിൽ ഉത്തരവെത്തിയത്.

