Headlines

യുവതിയിൽനിന്ന് വായ്പ വാങ്ങിയ പണം തിരികെ നൽകാൻ വിധി

യുവതിയിൽനിന്ന് വായ്പയായി വാങ്ങിയ നാലുലക്ഷം ദിർഹം തിരികെ കൊടുക്കാൻ യുവാവിന് നിർദേശം നൽകി അബൂദബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റിവ് ക്ലെയിംസ് കോടതി. വിശ്വാസത്തിന്റെ പുറത്ത് യുവതി കടം നൽകിയ പണം തിരികെ നൽകാതിരിക്കുകയായിരുന്നു. തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്.

താൻ നൽകിയ നാലുലക്ഷം ദിർഹം അഞ്ചുശതമാനം പലിശ സഹിതം തിരികെ വാങ്ങി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. രണ്ടുലക്ഷം ദിർഹം വീതം രണ്ടു തവണയായാണ് താൻ യുവാവിന് കടം നൽകിയതെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. പണം കൈപ്പറ്റിയതിന് യുവാവ് ഒപ്പിട്ടു നൽകിയ രസീതും യുവതി കോടതിയിൽ സമർപ്പിച്ചു. യുവതി ഹാജരാക്കിയ രസീതിലെ ഒപ്പ് തന്റേതാണെന്ന് യുവാവ് സാക്ഷ്യപ്പെടുത്തി. പണം തിരികെ നൽകിയെന്നു തെളിയിക്കാനും യുവാവിനായില്ല. ഇതു കണക്കിലെടുത്താണ് കോടതി യുവാവിനോട് പരാതിക്കാരിയുടെ പണം തിരികെ നൽകാൻ ഉത്തരവിട്ടത്.

Leave a Reply