യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ഷാർജ ടാക്സി. 2025ൽ 93.1 ലക്ഷം പേരെയാണ് ഷാർജ ടാക്സി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചത്. 2024നെ അപേക്ഷിച്ച് 25 ശതമാനം വർധന. യാത്രക്കാർക്ക് മികച്ചതും സുരക്ഷിതവുമായ സേവനം നൽകുന്നതിൽ കമ്പനി മെച്ചപ്പെട്ട പ്രകടനം നടത്തിയതായി ഗതാഗത വകുപ്പ് അറിയിച്ചു.
സ്മാർട്ട് ആപ്പുകൾ ഉപയോഗിച്ചുള്ള ബുക്കിങ് സംവിധാനങ്ങളും കോൾ സെന്ററുകളും സേവനം കൂടുതൽ എളുപ്പമാക്കി. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന അനുസരിച്ച് ഭാവിയിൽ കൂടുതൽ ടാക്സികൾ നിരത്തിലിറക്കാനും പദ്ധതിയുണ്ടെന്ന് ഷാർജ ടാക്സി മാനേജിങ് ഡയറക്ടർ ഖാലിദ് അൽ കിന്തി പറഞ്ഞു.
പരിസ്ഥിതി സൗഹൃദ വാഹനങ്ങളാണ് സേവനത്തിന് ഉപയോഗിക്കുന്നതെന്നും 2027ഓടെ 100 ശതമാനം ടാക്സികളും ഹൈബ്രിഡ് വാഹനങ്ങളാക്കുമെന്നും പറഞ്ഞു. സിറ്റി ടാക്സി, എയർപോർട്ട് ടാക്സി, വനിതാ ടാക്സി, ഫാമിലി ടാക്സി, ആഡംബര ലിമോസിൻ സർവീസ്, സ്കൂൾ ഗതാഗത പദ്ധതി എന്നീ സേവനങ്ങളാണ് ഷാർജ ടാക്സി നൽകുന്നത്.

