ലക്ഷങ്ങൾ ചെലവാക്കിയിട്ടും അർജന്റീനൻ ഫുട്ബോൾതാരം മെസ്സി വരാത്തതിന്റെ ഉത്തരം സർക്കാർ പറയണമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. മെസ്സി ഈസ് മിസ്സിംഗ് എന്ന് പരിഹസിച്ച സണ്ണി ജോസഫ് സർക്കാർ ഈ വിഷയത്തിൽ പ്രതിക്കൂട്ടിലാണെന്നും അവരുടെ അവകാശവാദങ്ങൾ ഒന്നൊന്നായി പൊളിഞ്ഞെന്നും പറഞ്ഞു. സർക്കാരിന് ഗുരുതരവീഴ്ചയുണ്ടായി.ഇതു സംബന്ധിച്ച് എഎഫ്എ പ്രതിനിധിയുടെ ചാറ്റ് ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
ഡോ. ഹാരീസിനെതിരായ ആരോപണം പിൻവലിച്ച് മാപ്പുപറയണം
ഡോ. ഹാരീസ് ഹസനെതിരായ ആരോപണവും അപവാദ പ്രചരണവും പിൻവലിച്ച് സർക്കാർ മാപ്പുപറയണമെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. സത്യസന്ധനും നിരപരാധിയുമാണ് ഡോ. ഹാരീസ്. അദ്ദേഹത്തിന് കോൺഗ്രസിന്റെയും യു ഡി എഫിന്റെയും എല്ലാ പിന്തുണയും നൽകും. കെ ജി എം ഒ എക്കും മറിച്ചൊരു നിലപാട് സ്വീകരിക്കാനാവില്ല. മോഷണകുറ്റം ആരോപിച്ച് അന്വേഷണ പ്രഹസനം നടത്തിയാലും ഡോ. ഹാരീസിനെ ജനം അവിശ്വസിക്കില്ല. ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധി മറച്ചുപിടിക്കാൻ എത്ര അധികാര ദുർവിനിയോഗം നടത്തിയാലതുമത് സാധ്യമല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖല തകർന്നു. ഡോ. ഹാരീസ് ഹസന്റെ വെളിപ്പെടുത്തലിലൂടെ സർക്കാർ പ്രതിക്കൂട്ടിലാണ്. അതിന് പരിഹാരം കാണാതെ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സർക്കാർ ശ്രമം. ഡോക്ടർക്കെതിരെ സർക്കാർ നടത്തിയ നീക്കം അവർക്ക് തന്നെ തിരിച്ചടിയായെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

