Headlines

മെമ്മറി കാർഡ് വിവാദത്തിൽ നിയമനടപടിയുമായി നടി ഉഷ ഹസീന

മെമ്മറി കാർഡ് വിവാദത്തിൽ നിയമനടപടിയുമായി നടി ഉഷ ഹസീന രം​ഗത്ത്. അമ്മ സംഘടന, മുഖ്യമന്ത്രി, വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ‌, ഡിജിപി തുടങ്ങിയവർ‌ക്കാണ് ഉഷ പരാതി നൽകിയിരിക്കുന്നത്. നടിമാർ ദുരനുഭവം വിവരിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൊണ്ടുപോയെന്നും ഇത് തിരിച്ചേൽപ്പിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഉഷ ഹസീന പറഞ്ഞു. കുക്കു പരമേശ്വരൻ തങ്ങൾ‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകിയ ഘട്ടത്തിലാണ് തങ്ങൾ ഇങ്ങനെയൊരു പരാതിയുമായി മുന്നോട്ട് പോയതെന്നും ഉഷ ഹസീന ഒരു ഓൺലൈൻ മാധ്യമത്തോട് വ്യക്തമാക്കി.

‘‘മെമ്മറി കാർഡ് നശിപ്പിച്ചു, കാണാനില്ല എന്നൊക്കെയാണ് കുക്കു പറയുന്നത്. സംഘടന തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പരാതി നൽകേണ്ട എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. പക്ഷേ കുക്കു പരമേശ്വരൻ ഞങ്ങൾക്കെതിരെ അപ്പോഴേക്കും ഡിജിപിക്ക് പരാതി നൽകി. സമൂഹമാധ്യമം വഴി തന്നെ അപകീർത്തിപ്പെടുത്തുന്നു എന്നാണ് പരാതി. ആ ഘട്ടത്തിലാണ് ഞങ്ങളും പരാതിയുമായി മുന്നോട്ടുപോകാൻ നിർബന്ധിതരായത്”.- ഉഷ ഹസീന പറഞ്ഞു. നടിമാരായ പൊന്നമ്മ ബാബു, ഉഷ ഹസീന എന്നിവർക്കെതിരെ കുക്കു പരമേശ്വരനും ഡിജിപിക്ക് പരാതി നൽകിയിരുന്നു. മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്നെ തേജോവധം ചെയ്യാനാണ് ശ്രമമെന്നും പരാതിയിൽ പറയുന്നു.

Leave a Reply