ഐ.പി.എൽ കലാശപ്പോരിൽ റോയൽ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന് എതിരാളികളായി പഞ്ചാബ് കിങ്‌സ്. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ അഞ്ചു വിക്കറ്റിന് തകർത്താണ് പഞ്ചാബ് ഫൈനലിൽ കടന്നത്. ഒരു ഘട്ടത്തിൽ കൈവിട്ട കളി 41 പന്തിൽ പുറത്താകാതെ 87 റൺസെടുത്ത നായകൻ ശ്രേയസ് അയ്യരുടെ മനക്കരുത്തും കൈക്കരുത്തുമാണ് വിജയം സമ്മാനിച്ചത്.ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഒരു ഓവർ ബാക്കി നിൽക്കെ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
നാലാമനായി ക്രീസിലെത്തി 41 പന്തിൽ എട്ടു സിക്‌സും അഞ്ചു ഫോറും ഉൾപ്പെടെയാണ് ശ്രേയസ് 87 റൺസെടുത്തത്. അശ്വിനി കുമാർ എറിഞ്ഞ 19ാമത്തെ ഓവറിൽ 26 റൺസാണ് അടിച്ചുകൂട്ടിയത്. 29 പന്തിൽ 48 റൺസെടുത്ത നേഹൽ വധേരയും 21 പന്തിൽ 38 റൺസെടുത്ത ജോഷ് ഇംഗ്ലീസ് മികച്ച പിന്തുണ നൽകി.പ്രിയാൻഷ് ആര്യ 20 ഉം പ്രഭ്‌സിംറാൻ ആറും ശശാങ്ക് സിങ് രണ്ടും റൺസെടുത്ത് പുറത്തായി.നേരത്തെ, മഴ തുടർന്ന് രണ്ടുമണിക്കൂറിലധികം വൈകി തുടങ്ങിയ മത്സരത്തിൽ സൂര്യകുമാർ യാദവ്, തിലക് വർമ, ജോണി ബെയര്‍സ്റ്റോ,നമൻധിർ എന്നിവരുടെ ബാറ്റിങ് മികവിലാണ് മുംബൈ മികച്ച സ്‌കോറിലെത്തിയത്.
സൂപ്പർ ബാറ്റർ രോഹിതിനെ മുംബൈക്ക് തുടക്കത്തിലേ നഷ്ടമായി. മാർക്കസ് സ്റ്റോയിനിസിന്റെ പന്തിൽ വൈശാഖിന് ക്യാച്ച് നൽകി രോഹിത് (8) മടങ്ങി. ബെയര്‍സ്റ്റോക്ക് കൂട്ടായി തിലക് വർമ എത്തിയതോടെ സ്‌കോർ കുതിച്ചുയർന്നു.ഏഴ് ഓവറിൽ ടീം സ്‌കോർ 70ൽ നിൽക്കെ ബെയര്‍സ്റ്റോ മടങ്ങി. 24 പന്തിൽ 38 റൺസെടുത്ത ബയര്‍സ്റ്റോ വിജയകുമാർ വൈശാഖിന് വിക്കറ്റ് നൽകി. തുടർന്നെത്തിയ സൂര്യകുമാർ പതിവ് ശൈലിയിൽ ആഞ്ഞടിച്ചതോടെ മുംബൈക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 26 പന്തിൽ 44 റൺസെടുത്ത സൂര്യകുമാർ യുസ്വേന്ദ്ര ചഹലിന്റെ പന്തിൽ വധേര പിടിച്ച് പുറത്തായി.രണ്ടു പന്ത് വ്യത്യാസത്തിൽ തിലക് വർമയും മടങ്ങി. 29 പന്തിൽ 44 റൺസെടുത്ത തിലക് കൈയിൽ ജാമിയേഴ്‌സന്റെ പന്തിലാണ് പുറത്തായത്. 13 പന്തിൽ 15 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും 18 പന്തിൽ 37 റൺസെടുത്ത നമൻധിറും അസ്മത്തുല്ല ഉമർസായുടെ പന്തിൽ പുറത്തായി. എട്ടുറൺസുമായി രാജ് ബാവയും റൺസൊന്നും എടുക്കാതെ മിച്ചൽ സാന്ററും പുറത്താകാതെ നിന്നു.

