മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ചർച്ച ചെയ്യാമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന രാഹുലിന്റെ ആക്ഷേപം തള്ളിയ കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കി രാഹുൽ ഗാന്ധിക്ക് കത്തയച്ചു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിനു രാഹുൽ ഗാന്ധി മറുപടി നൽകിയിട്ടില്ലെന്നാണു വിവരം. ജൂൺ 12നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചത്. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ കത്തു ലഭിച്ചതായും അദ്ദേഹത്തിന്റെ ഇമെയിലിലേക്കു കത്ത് അയച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ സ്രോതസുകളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തിരഞ്ഞെടുപ്പു കമ്മിഷനെതിരെ വിവിധ മാധ്യമങ്ങളിൽ ലേഖനമെഴുതിയ രാഹുൽ ഗാന്ധി മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ‘മാച്ച് ഫിക്സിങ്’ നടന്നുവെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിലൂടെയും ഉയർത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം, വോട്ടർ റജിസ്റ്റർ, പോളിങ് ശതമാനം എന്നിവയിൽ തിരിമറി നടത്തിയും, കള്ളവോട്ടിലൂടെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നും ആയിരുന്നു രാഹുലിന്റെ ആരോപണം. തിരഞ്ഞെടുപ്പുസമിതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു പകരം ഒരു കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്താനുള്ള തീരുമാനം തെറ്റാണെന്നും രാഹുൽ ആരോപിച്ചിരുന്നു. മഹാരാഷ്ട്രയിൽ സംഭവിച്ചത് ഇനി ബിഹാറിലും, ബിജെപി പരാജയപ്പെടാൻ സാധ്യതയുള്ള മറ്റിടങ്ങളിലും ആവർത്തിക്കുമെന്നും രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ കുറിച്ചു. ഇത്തരം ‘മാച്ച് ഫിക്‌സഡ്’ തിരഞ്ഞെടുപ്പുകൾ ഏതൊരു ജനാധിപത്യത്തിനും അപകടകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഹുലിന്റെ ആരോപണങ്ങൾക്കു പിന്നാലെ അത് തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തിയിരുന്നു.

