മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി പറഞ്ഞു. കെടി തോമസ് കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിയമനിർമാണം പരിഗണനയിൽ ഇല്ലെന്ന് സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണ് നിർദേശം. മന്ത്രവാദവും ആഭിചാരവും തടയാൻ നിയമപരമായ വഴി തേടണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചക്കകം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ 50വര്‍ഷത്തിനിടെ കേരളത്തിൽ കാണാതായവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് പ്രത്യേക ടീമിനെ നിയോഗിക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രവാദവും ആഭിചാരവുമടക്കമുള്ളവയെ പ്രൊത്സാഹിപ്പിക്കുന്നതും ചെയ്യുന്നതും കുറ്റകൃത്യമായി കണക്കാക്കി ശിക്ഷ ഉറപ്പാക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. കേരളത്തിലെ ഇത്തരം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും കേരള യുക്തി വാദി സംഘം സമര്‍പ്പിച്ച ഹര്‍ജിയിൽ വ്യക്തമാക്കുന്നു.

