അല്ലാഹുവിന്റെ അതിഥികളായ ഹാജിമാർ കൂടുതൽ സമയം ചെലവഴിക്കുന്ന മിനാ താഴ്‌വര മനുഷ്യസാഗരമായി മാറി. ദുൽഹജ്ജ് എട്ടിനും പത്തിനും ഹാജിമാർ രാത്രി താമസിക്കുന്ന സ്ഥലമാണിത്. ഇസ്ലാമിക ചരിത്രത്തിലെ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച താഴ്വര ലോകത്തിലെ ഏറ്റവും വലിയ തമ്പുകളുടെ നഗരി കൂടിയാണ്. വിവിധ രാജ്യക്കാരും ഭാഷക്കാരും വർണക്കാരും സ്വഭാവക്കാരുമെല്ലാം ഒരേ സ്ഥലത്ത് നാലഞ്ച് ദിവസങ്ങൾ പ്രാർഥനാനിരതരാകുന്നത് വേറിട്ട കാഴ്ചയാണിവിടെ.
തീർഥാടകർ മിനായിൽ
മസ്ജിദുൽ ഹറാമിന്റെ വടക്കുകിഴക്കേ ദിക്കിൽ ഏഴ് കിലോമീറ്റർ അകലെയാണ് രണ്ടു ഭാഗങ്ങളും മലകളാൽ ചുറ്റപ്പെട്ട മിന താഴ്വാരം. മക്കക്കും മുസ്ദലിഫക്കും ഇടയിൽ 25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന വിശാലമായ ഇടമാണിത്. മരുഭൂയാത്രക്കായി ഒട്ടകങ്ങളെ മാത്രം ഉപയോഗിച്ചിരുന്ന കാലത്ത് ഹജ്ജിനെത്തുന്നവർ അറഫ സംഗമത്തിന്റെ മുന്നോടിയായി ഒട്ടകങ്ങൾക്ക് വെള്ളം നൽകി തയാറാക്കി നിർത്തിയിരുന്നത് മിനായിലായിരുന്നു. മതപരവും ചരിത്രപ്രധാനവുമായ സ്ഥലമാണ് മിന താഴ്വാരം.
പ്രവാചകൻ ഇബ്രാഹീമും മകൻ ഇസ്മാഈലുമായി ബന്ധപ്പെട്ടതാണ് ഹജ്ജിന്റെ ചരിത്രം. ഇവരുടെ ചരിത്രവുമായി ബന്ധപ്പെട്ട ബലികർമവും ജംറകളിലെ കല്ലേറും ഇവിടെനിന്നാണ് ഹാജിമാർ നിർവഹിക്കുന്നത്. ഹറമിന്റെ പരിധിക്കുള്ളിൽ വരുന്ന സ്ഥലമാണ് മിന. ദൈവിക നിർദേശപ്രകാരം പ്രവാചകൻ ഇബ്രാഹിം പുത്രൻ ഇസ്മാഈലിനെ ബലിനൽകാൻ കൊണ്ടുവന്ന സ്ഥലവും പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെ കല്ലെറിഞ്ഞ സ്ഥലവും മിനയിലാണ്. നിരവധി പ്രവാചകന്മാരുടെ പാദസ്പർശമേറ്റ മസ്ജിദ് ഖൈഫ് സ്ഥിതി ചെയ്യുന്നതും മിനയിലാണ്.
നിരവധി തീർഥാടകരെ ഉൾക്കൊള്ളുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തിരിക്കുന്ന വിശാലമായ വെളുത്ത കൂടാരങ്ങളാണ് മിനായുടെ ഭൂപ്രകൃതിയിൽ ആധിപത്യം പുലർത്തുന്നത്. അഗ്നിയെ പ്രതിരോധിക്കാൻ കഴിവുള്ളവയാണ് ഈ കൂടാരങ്ങൾ. താമസക്കാരുടെ സുരക്ഷയും സുഖസൗകര്യങ്ങളും ഉറപ്പാക്കുന്നതിന് അവശ്യമായ നിരവധി സൗകര്യങ്ങൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ഹജ്ജ് സീസണിൽ 26 ലക്ഷത്തിലധികം തീർഥാടകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ പ്രദേശത്ത് 1,70,000 ടെൻറുകൾ കൊണ്ട് നഗരി വ്യാപിച്ചുകിടക്കുന്നു. കാറ്റിൽ ചരിഞ്ഞ് വീഴാത്തതും അകത്തേക്ക് മഴത്തുള്ളികൾ പതിക്കാത്ത രീതിയിലുമാണ് പ്രത്യേകം രൂപകൽപന ചെയ്ത കനം കുറഞ്ഞ ടെൻറുകളുടെ പണികൾ ഇവിടെ പൂർത്തിയാക്കിയിട്ടുള്ളത്. താമസക്കാർക്കാവശ്യമായ വെള്ളം, വെളിച്ചം, പ്രാഥമിക സൗകര്യങ്ങൾ അടക്കം എല്ലാ സംവിധാനങ്ങളും തമ്പുകളിൽ ഒരുക്കിയിട്ടുണ്ട്. ശീതീകരണ യന്ത്രങ്ങളും തമ്പുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

