Headlines

മണിപ്പൂരിൽ വീണ്ടും സംഘർഷം; നിരവധിവീടുകൾ കത്തിച്ചു

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഉഖുൽ ജില്ലയിലെ ലിതാൻ ഗ്രാമത്തിൽ രാത്രിയിലുണ്ടായ അക്രമങ്ങളിൽ 24 വീടുകൾ കത്തിനശിച്ചു എന്നാണ് വിവരം. ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെയ്ക്കുകയും പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.തങ്ഖുൽ നാഗ സമുദായത്തിൽപ്പെട്ട 21 വീടുകളും കുകി-സോ സമുദായത്തിൽപ്പെട്ട മൂന്നു വീടുകളും കുറച്ച് സർക്കാർ ക്വാർട്ടേഴ്‌സുകളും തീപിടുത്തത്തിൽ കത്തിനശിച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ

ശനിയാഴ്ച രാത്രി കുകി-സോസ് വിഭാഗത്തിൽപ്പെട്ട ഒരുസംഘം ഒരു നാഗാ യുവാവിനെ ആക്രമിച്ചതായി ആരോപിച്ചതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. തൊട്ടുപിന്നാലെ ലിതാൻ സരിഖോങ് പ്രദേശത്ത് വെടിവെയ്പ്പും തീവെയ്പ്പും ഉണ്ടായി. സംഘർഷം അവസാനിപ്പിക്കാൻ ഇരുവിഭാഗങ്ങളും യോഗം ചേർന്നെങ്കിലും സമവായത്തിലെത്തിയില്ല. ഇത് സംഘർഷം രൂക്ഷമാക്കുകയും അക്രമണത്തിലേക്ക് നീങ്ങുകയുമായിരുന്നു.

സംഘർഷത്തിൽ പരിക്കേറ്റവരെ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് ആശുപത്രിയിൽ സന്ദർശിച്ചു. തെറ്റിദ്ധാരണയുടെ ഫലമായാണ് സംഘർഷം നടക്കുന്നതെന്നും അദേഹം പറഞ്ഞു. എല്ലാ സമുദായങ്ങളോടും ശാന്തത പാലിക്കാനും സമാധാനം നിലനിർത്താനും അദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അഭ്യർഥിച്ചു. സംഘർഷത്തെ തുടർന്ന് ലിറ്റാൻ പ്രദേശത്തേക്ക് മുതിർന്ന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നതായി മണിപ്പൂർ പൊലീസ് പറഞ്ഞു.

Leave a Reply