Headlines

മണിപ്പൂരിനെക്കുറിച്ച് സംസാരിച്ച് സംവിധായക; ബാഫ്റ്റയില്‍ ചരിത്രം കുറിച്ച് ‘ബൂങ്’

ബാഫ്റ്റ അവാര്‍ഡില്‍ തിളങ്ങി മണിപ്പൂരി ചിത്രം ബൂങ്. മികച്ച കുട്ടികളുടെ/കുടുംബ സിനിമ പുരസ്‌കാരം നേടിയാണ് ബൂങ് ചരിത്രം സൃഷ്ടിച്ചത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് ബൂങ്. ലക്ഷ്മിപ്രിയ ദേവി സംവിധാനം ചെയ്ത നിര്‍മാതാക്കളില്‍ ഒരാള്‍ നടന്‍ ഫര്‍ഹാന്‍ അക്തറാണ്. ഇന്ത്യന്‍ ഇന്‍ഡി സിനിമകളുടെ ചരിത്രത്തിലൊരു നാഴികക്കല്ലാണ് ബാഫ്റ്റയിലെ ബൂങിന്റെ നേട്ടം.ആര്‍കോ, ലിലോ ആന്റ് സ്റ്റിച്ച്, സൂട്ടോപ്പിയ 2 തുടങ്ങിയവെ പരാജയപ്പെടുത്തിയാണ് ബൂങ് പുരസ്‌കാരം നേടിയത്. ലക്ഷ്മിപ്രിയ ദേവിയുടെ ആദ്യ ചിത്രമാണിത്. മണിപ്പൂരിലെ ഒരു ഗ്രാമമാണ് പശ്ചാത്തലം. തന്റെ അച്ഛനെത്തേടിയിറങ്ങുന്ന കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്. വിവിധ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ കയ്യടി നേടിയാണ് ബൂങ് ബാഫ്റ്റയിലെത്തിയത്.

എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റ്, ചോക്ക്‌ബോര്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്, സ്യൂട്ടബിള്‍ പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ബൂങ് നിര്‍മിച്ചിരിക്കുന്നത്. പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ലക്ഷ്മിപ്രിയ നടത്തിയ പ്രസംഗവും ശ്രദ്ധ നേടുന്നുണ്ട്. മണിപ്പൂരിലേക്ക് സമാധാനം തിരികെ കൊണ്ടു വരുന്നതിനെക്കുറിച്ചാണ് ദേവിയുടെ പ്രസംഗം.”ഇവിടെ വരെ നടന്നെത്തുക തന്നെ ഒരു പര്‍വ്വതത്തിന്റെ ഏറ്റവും മുകളിലെത്തുന്നതിന് തൊട്ട് മുമ്പുള്ള ചുവടുകള്‍ പോലെയായിരുന്നു. അങ്ങനൊരു പര്‍വ്വതം കയറേണ്ടി വരുമെന്ന് പോലും അറിയില്ലായിരുന്നു. മണിപ്പൂരില്‍ സമാധാനം തിരികെ വരാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പറയാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. സിനിമയിലെ ബാലതാരങ്ങള്‍ ഉള്‍പ്പെടെ ആന്തരികമായി കുടിയിറക്കപ്പെട്ട എല്ലാ കുട്ടികളും അവരുടെ സന്തോഷവും നിഷ്‌കളങ്കതയും സ്വപ്നവും വീണ്ടും വീണ്ടെടുക്കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു” എന്നാണ് ലക്ഷ്മിപ്രിയ ദേവി പറയുന്നത്. ജന്മനാടിനോടുള്ള ആദരമാണ് തന്റെ ചിത്രമെന്നും ലക്ഷ്മിപ്രിയ ദേവി പറയുന്നു.

Leave a Reply