ഭാരതാംബയുടെ ചിത്രത്തെ എതിർക്കുന്നത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രത്യേക വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇവരുടെ നീക്കം. പെഹൽഗാമിൽ മതം ചോദിച്ചു കൊന്ന ഭീകരർക്കെതിരെയും ഹമാസിനെതിരെയും പറഞ്ഞാൽ ബി ജെ പിയെ വർഗീയവാദികളെന്ന് വിളിക്കുന്നവരാണ് പ്രീണനത്തിന് വേണ്ടി നമ്മുടെ ദേശീയതയെ അപമാനിക്കുന്നത്. തരംതാഴ്ന്ന രാഷ്ട്രീയമാണ് എൽ ഡി എഫും യു ഡി എഫും കാട്ടുന്നത്. ഹിന്ദു വിശ്വാസങ്ങളെയും ദേശീയതയും എതിർത്താൽ മുസ്ലിം വോട്ട് ലഭിക്കും എന്ന തെറ്റിദ്ധാരണയാണ് ഇതിന് പിന്നിൽ. ഇന്ത്യയിലെ മുസ്ലിംകൾ എല്ലാവരും ദേശഭക്തരാണ്, അവരെ വിഡ്ഢികളാക്കാൻ ആണ് എൽ ഡി എഫും യു ഡി എഫും ശ്രമിക്കുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
ഭരണഘടനാ സ്ഥാനമായ ഗവർണറെ ബഹുമാനിക്കുക എന്നതാണ് സർക്കാരിന്റെ കടമ, എന്നാൽ അത് ചെയ്യുന്നില്ല എന്നുമാത്രമല്ല രാജഭവനെയും ഗവർണറെയും അപമാനിക്കുകയാണ്. ഇത് ശരിയല്ല. പ്രീണന രാഷ്ട്രീയത്തിൽ കോൺഗ്രസും സി പി എമ്മും പരസ്പരം മത്സരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂരിൽ ഭാരതം വിജയിച്ചു എന്നത് ലോകം മുഴുവൻ അംഗീകരിക്കുമ്പോഴും കോൺഗ്രസ് നേതാക്കളും സി പി എം നേതാക്കളും അതിനെതിരെ പറയുന്നു. ഇതെല്ലാം ലക്ഷ്യം വെക്കുന്നത് പ്രീണന രാഷ്ട്രീയത്തിലേക്കാണെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

