Headlines

ഭരണ -പ്രതിപക്ഷ ബഹളം; കരസേന മുൻ മേധാവി നരവനയുടെ ഓർമക്കുറിപ്പ് ലോക്‌സഭയിൽ വായിച്ച് രാഹുൽ; ചോദ്യം ചെയ്ത് പ്രതിരോധമന്ത്രി

ലോക്സഭയിൽ ഭരണ -പ്രതിപക്ഷ ബഹളം.കരസേനാ മുൻ മേധാവി മനോജ് മുകുന്ദ് നരവനെയുടെ ഓർമക്കുറിപ്പുകൾ രാഹുൽ ഗാന്ധി വായിച്ചതാണ് ബഹളത്തിന്റെ കാരണം. രാഹുലിനെ ചോദ്യം ചെയ്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ളവർ രംഗത്തെത്തി. ലോക്‌സഭയിൽ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലായിരുന്നു രാഹുലിന്റെ പരാമർശങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഭയിലുണ്ടായിരുന്നു.

ഇന്ത്യൻ ഭൂമി ചൈനയ്ക്ക് വിട്ടു കൊടുത്തു എന്നത് ഉൾപ്പെടെ ഓർമകുറിപ്പിൽ കേന്ദ്രത്തിനെതിരെ നിരവധി പരാമർശങ്ങൾ ഉണ്ടെന്ന ‘കാരവൻ’ മാഗസിനിലെ ലേഖനമാണ് രാഹുൽ ഗാന്ധി ഉദ്ധരിച്ചത്. ഓർമക്കുറിപ്പ് പ്രസിദ്ധീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

പുറത്തുവരാത്ത ഓർമക്കുറിപ്പിലെ ഭാഗങ്ങൾ വായിക്കാൻ അനുവദിക്കരുതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ആഭ്യന്തര മന്ത്രി അമിത് ഷായും ആവശ്യപ്പെട്ടു. പത്രകട്ടിങിൽ ചർച്ച അനുവദിക്കുന്ന പതിവില്ലെന്ന് സ്പീക്കർ നിലപാട് എടുത്തു. രാഹുലിനെ പിന്തുണച്ച കെ സി വേണുഗോപിനോട് രാഹുലിന്റെ അഭിഭാഷകനാകേണ്ടെന്ന് സ്പീക്കർ പറഞ്ഞു.രാഹുലിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ളവർ രംഗത്തെത്തി

Leave a Reply