ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. 50 അധികം പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെയുണ്ട്. ഇത്ര പെട്ടെന്ന് ബെംഗളൂരു പോലെയൊരു നഗരത്തിൽ വിജയാഘോഷം സംഘടിപ്പിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
അപകട സാധ്യത മുന്നിൽ കണ്ട് പൊലീസ് ആദ്യം പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ ഇടപെടലിനെ തുടർന്നാണ് പരിപാടി നടത്താൻ തീരുമാനമായതെന്നാണ് റിപ്പോർട്ട്. സ്റ്റേഡിയത്തിലേയ്ക്ക് ഇരച്ചുകയറാൻ ജനങ്ങൾ ശ്രമിച്ചതാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. അപകടമുണ്ടായതിന് പിന്നാലെ ബെംഗളൂരുവിൽ നിന്ന് മടങ്ങാനായി ജനങ്ങൾ ശ്രമിക്കുന്നത് വീണ്ടും വലിയ തിക്കും തിരക്കുമുണ്ടാക്കുന്നുണ്ട്. മെട്രോ സ്റ്റേഷനിൽ ഉൾപ്പെടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദുരന്തമുണ്ടായ സ്ഥലത്തേയ്ക്ക് തിരക്ക് കാരണം ആംബുലൻസുകൾക്ക് കടന്നുചെല്ലാൻ കഴിയാത്തത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതേസമയം ഇനിയും മരണസംഖ്യ ഉയർന്നേക്കാം എന്ന റിപ്പോർട്ടുകളും നിലവിൽ പുറത്തുവരുന്നുണ്ട്.
ദുരന്തത്തിന് പിന്നാലെ കർണാടക സർക്കാരിനെതിരെ ഗുരുതര ആരോപണമുയർത്തി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഗുരുതരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ബിജെപി ആരോപിച്ചു. ആൾക്കൂട്ട നിയന്ത്രണത്തിനുള്ള നടപടികളോ അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറും സുരക്ഷ ഉറപ്പാക്കുന്നതിന് പകരം അവർ ‘റീലുകൾ ഷൂട്ട് ചെയ്യുന്ന തിരക്കിലായിരുന്നുവെന്നും ബിജെപി നേതൃത്വം പറഞ്ഞു.

