Headlines

ബുദ്ധിശക്തിയുടെ കാര്യത്തിൽ ജെൻ സി പിന്നിൽ

ജെൻ സി പിള്ളാർ അടിപൊളിയാണ്! ‘നോ’ പറയാൻ മടിയില്ലാത്തവർ, മനസമാധാനമാണ് അവർക്ക് ഏറ്റവും വലുത്…അങ്ങനെ പോകുന്നു ജെൻ സിയുടെ വിശേഷണങ്ങൾ. എന്നാൽ മുൻ തലമുറയേക്കാൾ ജെൻ സിക്ക് ബുദ്ധിശക്തി കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഓരോ തലമുറയും അവരുടെ മുൻഗാമികളെക്കാൾ ബുദ്ധിശക്തിയുള്ളവരാണ്. എന്നാൽ പുതിയ തലമുറ ഐക്യൂ നിലവാരത്തിൽ പിന്നിലേക്ക് പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. സാങ്കേതിക വിദ്യാഭ്യാസം അല്ലെങ്കിൽ എഡ്‌ടെക്കിന്‍റെ ഉപയോഗം കാരണം ജെൻ സികൾക്ക് കുറഞ്ഞ വൈജ്ഞാനിക വികസനം മാത്രമേയുള്ളുവെന്ന് ന്യൂറോ സയന്‍റിസ്റ്റായ ഡോ. ജാരെഡ് കൂണി ഹോർവാത്ത് പറയുന്നു.നമുക്ക് ചുറ്റുമുള്ള ലോകം മാറുമ്പോൾ അതിനനുസരിച്ച് മനുഷ്യന്റെ യുക്തിയും പ്രശ്നപരിഹാര ശേഷിയും വർധിക്കുന്നതിനെയാണ് മനഃശാസ്ത്രത്തിൽ ‘ഫ്ലിൻ ഇഫക്റ്റ്’ (Flynn Effect) എന്ന് വിളിക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി, അതായത് 1930-കൾ മുതൽ, ഓരോ പത്ത് വർഷം കൂടുമ്പോഴും മനുഷ്യന്റെ ശരാശരി ഐക്യു സ്കോറിൽ കൃത്യമായ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

എന്നാൽ ഈ വളർച്ച ഇപ്പോൾ താഴോട്ട് വരാൻ തുടങ്ങിയിരിക്കുന്നു. ഇതിനെയാണ് വിദഗ്ദ്ധർ ‘റിവേഴ്സ് ഫ്ലിൻ ഇഫക്റ്റ്’ (Reverse Flynn Effect) എന്ന് വിളിക്കുന്നത്. നോർവേ, ഡെന്മാർക്ക്, ബ്രിട്ടൻ തുടങ്ങിയ വികസിത രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽ 1990-കൾക്ക് ശേഷം ജനിച്ചവരിൽ ഐക്യു സ്കോറുകൾ കുറയുന്നതായി കണ്ടെത്തി.

അവരുടെ ശ്രദ്ധാപരിധി, ഓര്‍മശക്തി, വായന, ഗണിതശാസ്ത്രപരമായ കഴിവ്, പ്രശ്‌നപരിഹാര കഴിവുകൾ, മൊത്തത്തിലുള്ള ഐക്യൂ എന്നിവ മില്ലേനിയലുകളേക്കാൾ ജെൻ സിക്ക് കുറവാണ്. എഐയുടെ സ്വാധീനം ജെൻ സികളുടെ ബുദ്ധിശക്തിയെ കാര്യമായി തന്നെ ബാധിച്ചു. എഐയുടെ സഹായത്തോടെ വേഗത്തിൽ ഉത്തരങ്ങൾ ലഭിക്കുന്നു. ഇത് അവരുടെ ചിന്താശേഷിയെയും ബുദ്ധിശക്തിയെയും ബാധിച്ചുവെന്ന് ഹോർവാത്ത് പറയുന്നു.

Leave a Reply