എറണാകുളം മൂവാറ്റുപുഴയിൽ ഷംഷാബാദ് ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അൻവർ നജീബ്, വണ്ണപ്പുറം സ്വദേശി ബാസിം നിസാർ എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുക്കിയത്.
വിമാനത്താവളത്തിൽ നിന്ന് വരുന്ന വഴി ഇവരുടെ ലോറിയിൽ ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്.സംഭവത്തിന് ശേഷം ബിഷപ്പിന്റെ വാഹനത്തെ പിന്തുടർന്നെത്തിയ ഇരുവരും മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് വച്ച് ലോറി കുറുകെയിട്ടായിരുന്നു അതിക്രമം. കാറിന്റെ ഹെഡ് ലൈറ്റും ടെയിൽ ലാംപും അടിച്ചുപൊട്ടിച്ചു. തുടർന്ന് ബിഷപ്പിന്റെ വാഹനമോടിച്ചിരുന്നയാളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

