Headlines

ബഹിരാകാശത്ത് ആദ്യ കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച പ്രോബ-3

യൂറോപ്പിന്റെ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശത്ത് വെച്ച് ആദ്യ കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചു. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ളതും ചൂടേറിയതുമായ പ്രഭാവലയം കൊറോണയെക്കുറിച്ച് പഠിക്കാനുള്ള ദൗത്യമാണ് പ്രോബ-3. ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം സ്ഥാപിച്ചാണ് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചത്. ഒക്യുൽറ്റർ, കൊറോണഗ്രാഫ് എന്നീ രണ്ട് ഉപഗ്രഹങ്ങൾ ഉപയോഗിച്ചാണ് ഇത് സാധ്യതമാക്കിയത്. മില്ലി മീറ്റർ കൃത്യതയിൽ കൊറോണയെ കൃത്യമായി നിരീക്ഷിക്കാൻ ഇതുവഴി സാധിക്കും.

സൂര്യന്റെ അതിതീവ്ര പ്രകാശം കാരണം മനുഷ്യർക്ക് കൊറോണ കാണാൻ സാധിക്കില്ല. പക്ഷേ സൂര്യഗ്രഹണ സമയത്ത് ദൃശ്യമാകാറുണ്ട്. എന്നാൽ സൂര്യഗ്രഹണം സ്ഥിരമായി സംഭവിക്കാത്ത ഒരു പ്രതിഭാസമായതിനാൽ കൊറോണയെ കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർക്ക് ഓരോ സൂര്യഗ്രഹണം വരെയും കാത്തിരിക്കേണ്ടി വരുമായിരുന്നു. എന്നാൽ പ്രോബ 3 ദൗത്യത്തിലൂടെ കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് നിരന്തരമെന്നോണം കൊറോണയെ കാണാനും പഠിക്കാനും സാധിക്കും.

2024 ഡിസംബറിൽ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നാണ് ഐഎസ്ആർഒയുടെ പിഎസ്എൽവി-എക്‌സ്എൽ റോക്കറ്റിൽ പ്രോബ-3 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.

Leave a Reply