ബലിപെരുന്നാളിനോടനുബന്ധിച്ച് ഒമാനിൽ 645 തടവുകാർക്ക് പൊതുമാപ്പ് നൽകി ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലിൽ കഴിയുന്ന തടവുകാരിൽ പ്രവാസികൾ ഉൾപ്പെടെ 645 പേർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകിയിരിക്കുന്നതെന്ന് ഒമാൻ ന്യൂസ് ഏജൻസി പുറത്ത് വിട്ട വാർത്താകുറിപ്പിൽ പറയുന്നു.
യുഎഇയിലും നിരവധി തടവുകാർക്ക് മോചനം പ്രഖ്യാപിച്ചിരുന്നു. യുഎഇയുടെ വിവിധ എമിറേറ്റുകളിലെ ജയിലുകളിൽ നിന്നായി 2910 തടവുകാരാണ് മോചിതരാകുക. 963 തടവുകാർക്ക് യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോചനം പ്രഖ്യാപിച്ചിരുന്നു. ഇവരുടെ സാമ്പത്തിക ബാധ്യതകൾ സർക്കാർ ഏറ്റെടുക്കും. 985 തടവുകാർക്ക് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മോചനം നൽകി.
ഷാർജയിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് 439 തടവുകാർക്ക്, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മോചനം പ്രഖ്യാപിച്ചു. 112 തടവുകാർക്ക് മോചനം നൽകുന്നതായി സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയും പ്രഖ്യാപിച്ചു. റാസൽഖൈമയിൽ നിന്ന് 411 തടവുകാരെയും വിട്ടയയ്ക്കും. തടവുകാലത്ത് നല്ല നടപ്പിന് വിധേയരായ വിവിധ രാജ്യക്കാരായ തടവുകാരാണ് മോചിതരാകുന്നത്.

