Headlines

ബലാത്സംഗക്കേസിൽ അറസ്റ്റിലായ ആപ് എം.എൽ.എ ഹർമീത് സിങ് പത്തൻമജ്ര പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

ബലാത്സംഗക്കേസിൽ അറസ്റ്റിലായ ആപ് എം.എൽ.എ ഹർമീത് സിങ് പത്തൻമജ്ര പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്. പിന്നാലെ വെടിവെപ്പുണ്ടാവുകയും ഒരു എസ്‌.യു.വി ഇടിച്ചുകയറ്റിയതിനെ തുടർന്ന് പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്തു. ഇതേ വാഹനത്തിൽ പത്തൻമജ്ര രക്ഷപ്പെട്ടുവെന്നും സനൂർ എം.എൽ.എയെ രക്ഷപ്പെടാൻ സഹായിച്ചത് അദ്ദേഹത്തിന്റെ അനുയായികളാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. എം.എൽ.എക്കായി അന്വേഷണം ആരംഭിച്ചു. നേരത്തെ, ഫേസ്ബുക്കിൽ ഒരു വിഡിയോ സന്ദേശത്തിൽ തന്റെ പേരിൽ ബലാത്സംഗക്കുറ്റം ചുമത്തിയതായി പത്തൻമജ്ര പറഞ്ഞിരുന്നു.

വിവാഹമോചിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് എം.എൽ.എ താനുമായി ബന്ധത്തിലാകുകയും 2021ൽ വേറെ വിവാഹം കഴിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് സിറക്പൂർ സ്വദേശിനി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ വിഷയത്തിൽ ഫയൽ ചെയ്ത എഫ്‌.ഐ.ആർ പ്രകാരം ബലാത്സംഗം, വഞ്ചന, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. എഫ്‌.ഐ.ആറിന് ശേഷം പത്താൻമജ്ര ഫേസ്ബുക്കിൽ ലൈവിടുകയും പഞ്ചാബ് സർക്കാറിനെ ശക്തമായി വിമർശിക്കുകയും ഡൽഹി ആസ്ഥാനമായുള്ള എ.എ.പി നേതൃത്വം ‘പഞ്ചാബിൽ നിയമവിരുദ്ധമായി ഭരിക്കുന്നു’ എന്ന് ആരോപിക്കുകയും ചെയ്തു. തന്നോടൊപ്പം നിൽക്കണമെന്ന് അദ്ദേഹം പാർട്ടിയിലെ സഹഎം.എൽ.എമാരോട് അഭ്യർഥിക്കുകയുമുണ്ടായി.

Leave a Reply