Headlines

പ്രേക്ഷകാഭിരുചി മാറുന്നു; ലോക’യിൽ എന്ത് കൊണ്ട് അഭിനയിച്ചില്ലെന്ന മകൻറെ ചോദ്യം അമ്പരപ്പിച്ചുവെന്ന് നടൻ ആസിഫലി

സിനിമാജീവിതത്തിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുവെന്ന് വിശ്വസിക്കുന്ന തന്നോട് ‘ലോക’യിൽ എന്തുകൊണ്ട് അഭിനയിച്ചില്ല എന്നാണ് തന്റെ മകൻ ചോദിക്കുന്നതെന്ന് നടൻ ആസിഫലി.12 വയസുള്ള മൂത്ത മകൻ ആദത്തിന് താൻ അഭിനയിക്കുന്ന തരം സിനിമകളോട് വലിയ താല്പര്യമില്ല എന്നും പുതു തലമുറയുടെ അഭിരുചി മാറുകയാണ് എന്നും ആസിഫലി പറഞ്ഞു. ജിത്തു ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘മിറാഷി’ന്റെ പ്രമോഷന്റെ ഭാഗമായി ദുബായ് ബാരാക് ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആസിഫലി.തിയറ്ററിൽ പോയി സിനിമ കാണുന്ന അനുഭവം നൽകാൻ ഒ ടി ടി ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.വിജയിക്കുന്ന സിനിമകൾ ഏതെന്ന് മുൻകൂട്ടി കാണാനാവില്ല.എല്ലാ പ്രേക്ഷകരും ഒരു ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമകൾ മാത്രം എടുക്കാൻ ആർക്കും സാധിക്കില്ല എന്നും ആസിഫലി പറഞ്ഞു.

മലയാളത്തിലെ അഭിനേതാക്കൾ ഒരിക്കലും കഥാപാത്രത്തിന്റെ ഹീറോയിസത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല സിനിമകൾ തിരഞ്ഞെടുക്കുന്നത്. അഭിനയ സാധ്യതയാണ് മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് താരങ്ങൾ നിരാകരിച്ച ‘മിറാഷി’ലെ കഥാപാത്രം ഏറ്റെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

തന്റെ സിനിമാ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത കൂമൻ. പിന്നീട് മൂന്ന് വർഷത്തിന് ശേഷമാണ് വീണ്ടും ജിത്തു ജോസഫിന്റെ ചിത്രത്തിലഭനയിക്കുന്നത്. അതുകൊണ്ട് ഏറെ പ്രതീക്ഷയുള്ള ചിത്രമാണിത് എന്നും അദേഹം കൂട്ടിച്ചേർത്തു.

100 കോടി ക്ലബ്, 200 കോടി ക്ലബ് എന്നതൊന്നും തന്നെ ഭ്രമിപ്പിക്കുന്നില്ലെന്ന് മിറാഷിന്റെ സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞു.
കോടികൾ വരുമെന്ന് പ്രതീക്ഷിച്ച് ചെയ്യുന്ന സിനിമ തിയറ്റർ എക്‌സ്പീരിയൻസ് ലഭിക്കുന്നതായിരിക്കും. പക്ഷേ, അത് ഒടിടിയിൽ വരുമ്പോൾ പ്രേക്ഷകർ അത് നിരാകരിച്ചുവെന്ന് വരാം എന്നും ജിത്തു ജോസഫ് പറഞ്ഞു

ഓരോ രംഗത്തും പ്രേക്ഷകരിൽ ആകാംക്ഷയുണ്ടാക്കുന്ന ചിത്രമാണ് മിറാഷ്. എന്നാൽ കാണുന്നതുപോലെയല്ല കാര്യങ്ങളെന്ന് പ്രേക്ഷകർ അടുത്ത നിമിഷം തിരിച്ചറിയുന്നു. അതുകൊണ്ടാണ് മരീചിക എന്ന അർഥം വരുന്ന മിറാഷ് എന്ന പേര് ചിത്രത്തിന് നൽകിയത് എന്നും അദേഹം കൂട്ടിച്ചേർത്തു. അപർണ ബാലമുരളി അവതരിപ്പിക്കുന്ന അഭി എന്ന് വിളിക്കുന്ന അഭിരാമി ഒരു പ്രതിസന്ധിയിൽ അകപ്പെടുന്നതും അതിൽ
ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായ ആസിഫ് ഭാഗമാവുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.ഈ മാസം 19നാണ് കേരളത്തിനോടൊപ്പം ഗൾഫിലും ചിത്രം റിലീസ് ചെയ്യുന്നത്.

Leave a Reply