Headlines

പ്രായമായ മാതാപിതാക്കൾക്ക് പരിചരണം; സൗകര്യപ്രദമായ തൊഴിൽ സമയം അനുവദിച്ച് അബൂദബി

പ്രായമായ മാതാപിതാക്കളെ പരിചരിക്കേണ്ട ഇമാറാത്തി ജോലിക്കാർക്ക് സൗകര്യപ്രദമായ തൊഴിൽ സമയം അനുവദിക്കുന്നതിന് ഫ്‌ലക്സിബിൾ വർക്ക് സർവിസുമായി അബൂദബി. കമ്യൂണിറ്റി ഡെവലപ്മെൻറ് വകുപ്പുമായി ചേർന്ന് ഫാമിലി ഡെവല്മെൻറ് ഫൗണ്ടേഷനും ഗവൺമെൻറ് എംപവർമെൻറ് വകുപ്പുമാണ് പുതിയ സംരംഭം നടപ്പാക്കിയത്.പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ ആരംഭിച്ച ‘ബറക്കത്ന’ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഔദ്യോഗിക ചുമതലകൾക്കൊപ്പം കുടുംബം ഉത്തരവാദിത്തങ്ങളും കൊണ്ടുപോവുന്നതിന് ഇത് ഇമാറാത്തി ജീവനക്കാരെ സഹായിക്കും. മുതിർന്ന പൗരന്മാർക്ക് മികച്ച പരിചരണം ഉറപ്പാക്കുക, കുടുംബ ഐക്യം ശക്തിപ്പെടുത്തുക പൊരുത്തപ്പെടാവുന്ന തൊഴിൽ അന്തരീക്ഷത്തിൽ മൊത്തത്തിലുള്ള ജീവിതനിലവാരം ഉയർത്തുക എന്നിവയാണ് ഫ്‌ലക്സിബിൾ വർക്ക് സർവിസിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

ഇമറാത്തി ജീവനക്കാർക്ക് സാമൂഹികവും തൊഴിൽപരവുമായ ചുമതലകൾ നിർവഹിക്കുന്നതിനും വ്യക്തിപരവും തൊഴിൽപരവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങൾ സന്തുലിതമാക്കുന്നതിനും അവരുടെ ജീവിതനിലവാരം ഉറപ്പാക്കാനും വിപുലമായ ശ്രമങ്ങൾ ഫാമിലി ഡെവലപ്‌മെൻറ് ഫൗണ്ടേഷൻ (എഫ്.ഡി.എഫ്) നടത്തുന്നുണ്ടെന്ന് ഡയറക്ടർ ജനറൽ മറിയം മുഹമ്മദ് അൽ റുമൈത്തി വ്യക്തമാക്കി. ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ട ജീവനക്കാർ പ്രൈമറി കെയർ ഗിവർ സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. മാതാപിതാക്കളിൽ ഒരാളോ രണ്ടുപേരുമോ 60 വയസ്സിനു മുകളിൽ പ്രായമുള്ള സീനിയർ സിറ്റിസൺ ആവുകയും ഇവർക്ക് സാമൂഹിക സേവനം നൽകേണ്ടതുമാണെന്നാണ് ഈ സർട്ടിഫിക്കറ്റ് വ്യക്തമാക്കുന്നത്. ഈ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ വിവിധ മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിൽ സമയം ക്രമീകരിക്കാൻ സ്ഥാപന മേധാവിയിൽനിന്ന് അനുമതി ലഭിക്കും. അബൂദബിയിൽതന്നെയുള്ള സർക്കാർ സ്ഥാപനത്തിലാവണം ജോലി. വീട്ടിൽ സ്ഥിര പരിചരണം ലഭിക്കേണ്ട ആരോഗ്യ അവസ്ഥയായിരിക്കണം മുതിർന്ന പൗരൻമാർ. ഇതിനായി അബൂദബിയിലെ അംഗീകൃത ആരോഗ്യ പരിചരണ കേന്ദ്രത്തിൽനിന്നുള്ള മെഡിക്കൽ റിപ്പോർട്ട് ലഭിച്ചിരിക്കണം. ഈ റിപ്പോർട്ടിന് മൂന്നു മാസത്തിൽ കൂടുതൽ പഴക്കമുണ്ടാവാൻ പാടില്ല. തുടങ്ങിയ മാനദണ്ഡങ്ങളാണ് ജോലി സമയം ക്രമീകരിക്കുന്നതിനായി പരിഗണിക്കുക

Leave a Reply