അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാത്താവളത്തിന് സമീപത്തെ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എയർ ഇന്ത്യ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർ അടക്കം പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അപകട സ്ഥലത്ത് നിന്നും പ്രധാനമന്ത്രി, പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു.
സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിനിടെ തകർന്നത്. ഇന്നലെ ഉച്ചക്ക് 1:38 നാണ് അപകടമുണ്ടായത്. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പർ റൺവേയിൽ നിന്ന് എഐ 171 ബോയിംഗ് 787 ഡ്രീലൈംനർ വിമാനം ലണ്ടനിലേക്ക് പറന്നുയർന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രേളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്‌നൽ ലഭിച്ചില്ല. പിന്നാലെ തകർന്നു വീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കൽ കോളേജിൻറെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നു വീണത്. 294 പേരാണ് മരിച്ചത്. ക്യാബിൻ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളുമാണ് മരിച്ചത്.

