പൊലീസ് സേനയിലെ ക്രിമിനലുകളുടെ നിയന്ത്രിക്കാൻ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി തയ്യാറാകണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്റെ ക്രൂരത വെളിവാക്കുന്നതാണ്. സിപിഎം ക്രിമിനലുകൾക്ക് മുന്നിൽ മുട്ട് വിറയ്ക്കുന്ന പോലീസുകാരാണ് അനീതി ചോദ്യം ചെയ്ത പൊതുപ്രവർത്തകന്റെ ദേഹത്ത് മൂന്നാംമുറ പ്രയോഗിച്ചത്. ഇതാണോ പിണറായി സർക്കാരിന്റെ ജനമൈത്രി പോലീസ് നയമെന്നും വേണുഗോപാൽ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക വൃന്ദവും സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെയുള്ളവരും നിയന്ത്രിക്കുന്ന കേരള പൊലീസ് സംവിധാനം ഇങ്ങനെയായില്ലെങ്കിലെ അത്ഭുതമുള്ളു. നീതി നടപ്പാക്കേണ്ട പോലീസാണ് നിരപരാധികളെ മർദ്ദിച്ചു ജീവച്ഛവമാക്കുന്നത്. ഇത്തരം മനുഷ്യമൃഗങ്ങളെ സംരക്ഷിക്കുന്ന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് പോലീസിലെ ക്രിമിനലുകളെ വളർത്തുന്നത്.സർക്കാരിന്റെ ഗുണ്ടകളായി കേരളത്തിലെ പോലീസിൽ ചിലർ പ്രവർത്തിക്കുന്നു. മർദ്ദനത്തിൽ കേഴ്വി ശക്തി നഷ്ടപ്പെട്ട സുജിത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം.കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ഇനിയും സംരക്ഷിക്കാതെ സർവീസിൽ നിന്നും പുറത്താക്കാൻ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.

