Headlines

പേരും ഫോട്ടോയും ദുരു​പയോഗം ചെയ്യുന്നു; അഭിഷേക് ബച്ചനും ഹൈക്കോടതിയിൽ

തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നും വെബ്‌സൈറ്റുകളും യൂട്യൂബ് ചാനലുകളും മറ്റും വാണിജ്യപരമോ വ്യക്തിപരമോ ആയ നേട്ടങ്ങൾക്കായി തന്റെ പേര്, ചിത്രം, ഫോട്ടോഗ്രാഫുകൾ, ശബ്ദം, പ്രകടനങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഐശ്വര്യ റായിക്ക് പിന്നാലെയാണ് അഭിഷേകും കോടതിയെ സമീപിച്ചത്. കൃത്രിമബുദ്ധി ഉപയോഗിച്ച് അഭിഷേക് ബച്ചന്റെ വിഡിയോകൾ സൃഷ്ടിക്കുകയും അദ്ദേഹം ഒപ്പിട്ട വ്യാജ ഫോട്ടോകൾ സൃഷ്ടിക്കുകയും ലൈംഗികത പ്രകടമാക്കുന്ന വസ്തുക്കൾ നിർമിക്കുകയും ചെയ്യുന്നുണ്ടെന്ന് ബച്ചനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ പ്രവീൺ ആനന്ദ് പറഞ്ഞു.

നടന്‍റെ ചിത്രങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചതിന്റെ രേഖകളും അവരുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. വിഡിയോകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വെബ്‌സൈറ്റുകളെയും പ്ലാറ്റ്‌ഫോമുകളെയും നിയന്ത്രിക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. ഹർജിയിൽ വാദം കേട്ടശേഷം അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്ന് ഡൽഹി ഹൈകോടതി വ്യക്തമാക്കി. ഐശ്വര്യയുടെ എ.ഐ ജനറേറ്റഡ് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ​ പ്രചരിപ്പിക്കുന്നതും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതുപോലെ വാണിജ്യ ആവശ്യങ്ങൾക്കായി ഐശ്വര്യയു​ടെ ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നതിന് എതിരെയും പരാതിയുണ്ട്. അനുമതിയില്ലാതെ ടീഷർട്ടുകളിലും വാൾപേപ്പറുകളിലും നടിയുടെ ചിത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. അവരുടെ ചിത്രം ഉൾപ്പെടുത്തിയ കോഫി മഗുകൾ പോലും വ്യാപകമായി വിൽക്കുന്നുണ്ട്.

Leave a Reply