Headlines

പേരക്ക നിസ്സാരനല്ല; ശരീരഭാരം കുറയ്ക്കാം; പ്രമേഹം നിയന്ത്രിക്കാം

പേരയ്ക്ക നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന, പോഷകസമൃദ്ധമായ ഒരു പഴമാണ്. മറ്റു പല പഴങ്ങളെ അപേക്ഷിച്ച് കൂടുതൽ ഫൈബറും വിറ്റാമിനുകളും അടങ്ങിയ പഴമാണ് പേരയ്ക്ക. ദിവസവും പേരയ്ക്ക കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ ഇവയൊക്കെയാണ്

ദഹനത്തിന് സഹായകം

ദിവസവും പേരയ്ക്ക കഴിക്കുന്നത് ആരോഗ്യകരമായ ബവൽ മൂവ്‌മെന്റിന് സഹായിക്കുന്നു. ഭക്ഷ്യനാരുകളുടെ കലവറയായ പേരയ്ക്ക മലബന്ധമകറ്റുന്നു. ദിവസവും ഒരു പേരയ്ക്ക കഴിക്കുന്നത് വഴി ശരീരത്തിന് ഒരു ദിവസം ആവശ്യമായ ഫൈബറിന്റെ 12 ശതമാനം ലഭിക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ചീത്തകൊളസ്‌ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോൾ കൂട്ടുകയും ചെയ്യുകവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ പേരയ്ക്കയ്ക്ക് കഴിയും. പേരയ്ക്കയിൽ ധാരാളമായടങ്ങിയ പൊട്ടാസ്യവും സോല്യുബിൾ ഫൈബറും ആണ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത്. ഫ്രീറാഡിക്കലുകൾ മൂലം കോശങ്ങൾക്ക് ക്ഷതം സംഭവിക്കുന്നതിൽ നിന്നും ഹൃദയത്തെ സംരക്ഷിക്കുന്ന വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും പേരയ്ക്കയിൽ ധാരാളമുണ്ട്.

ശരീരഭാരം കുറയ്ക്കുന്നു

പേരയ്ക്കയിലടങ്ങിയ നാരുകൾ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ പഴങ്ങളെക്കാളും കാലറി കുറഞ്ഞ ലഘുഭക്ഷണങ്ങളെക്കാളും കൂടുതലായി ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കാനും പേരയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കുന്നു

കാൻസർ തടയുന്നു

കാൻസർ വരുന്നത് തടയാനും കാൻസർ കോശങ്ങളുടെ വളർച്ച തടയാനും പേരയ്ക്കയ്ക്ക് കഴിവുണ്ട്. പേരയ്ക്കയിലടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഫ്രീറാഡിക്കലുകളെ കോശനാശത്തിൽ നിന്നും തടയുന്നു. പേരയുടെ ഇലയിൽ നിന്നും തൊലിയിൽ നിന്നും എടുക്കുന്ന സത്തിൽ കാൻസറിനെ പരിശോധിക്കാൻ സഹായിക്കുന്ന ബയോആക്ടീവ് തന്മാത്രകളുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

ദിവസവും ഒരു പേരയ്ക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഹൃദ്രോഗസാധ്യതയുള്ളവർക്കും പ്രമേഹരോഗികൾക്കും ഉപകാരപ്പെടുന്ന പഴമാണ് പേരയ്ക്ക. മിതമായ അളവിൽ പേരയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദീർഘകാലത്തേക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്ന് പഠനങ്ങളും പറയുന്നു. പേരയ്ക്ക തൊലികളയാതെ കഴിക്കുന്നതാണ് ഏറെ നല്ലതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നു. നല്ല കൊളസ്‌ട്രോൾ കൂട്ടാനും ഇത് സഹായിക്കും.

Leave a Reply