സോഷ്യൽ മീഡിയയും ഡേറ്റിംഗ് ആപ്പുകളും പ്രണയത്തിന്റെ ഭാഷ തന്നെ മാറ്റിമറിച്ച കാലമാണിത്. ‘ഗോസ്റ്റിംഗ്’, ‘ബ്രെഡ്‌ക്രംബിംഗ്’ തുടങ്ങിയ പദങ്ങൾ നമുക്കിടയിൽ സുപരിചിതമായിക്കഴിഞ്ഞു. എന്നാൽ, 2025-26 കാലഘട്ടത്തിൽ പ്രണയബന്ധങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും വിദഗ്ദ്ധർ ഭീതിയോടെ കാണുന്നതുമായ ഒരു പുതിയ പ്രവണതയാണ് ‘പേപ്പർ ക്ലിപ്പിംഗ്’. പഴയ പങ്കാളികൾ പെട്ടെന്നൊരു ദിവസം നിങ്ങളുടെ ജീവിതത്തിലേക്ക് യാതൊരു ലക്ഷ്യവുമില്ലാതെ കടന്നുവരുന്ന രീതിയാണിത്.എന്താണ് പേപ്പർ ക്ലിപ്പിംഗ്?
പഴയ മൈക്രോസോഫ്റ്റ് വിൻഡോസ് വേർഷനുകളിൽ സഹായിയായി വന്നിരുന്ന ‘ക്ലിപ്പി’ എന്ന പേപ്പർ ക്ലിപ്പ് ചിഹ്നത്തിൽ നിന്നാണ് ഈ പേര് വന്നത്. നമുക്ക് ആവശ്യമില്ലാത്ത സമയത്തും ഇടയ്ക്കിടെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് ‘സഹായം വേണോ?’ എന്ന് ചോദിക്കുന്ന ക്ലിപ്പിയെപ്പോലെയാണ് ഈ മനുഷ്യരും. നിങ്ങളുമായി ബ്രേക്കപ്പ് ആയ ഒരാൾ, അല്ലെങ്കിൽ മാസങ്ങളായി മിണ്ടാതിരുന്ന ഒരു മുൻ കാമുകനോ കാമുകിയോ പെട്ടെന്നൊരു ദിവസം ഒരു സന്ദേശമയക്കുന്നു. ‘ഹേയ്, സുഖമാണോ?’ എന്നോ മറ്റോ ഉള്ള വളരെ ലളിതമായ ഒരു മെസ്സേജ് ആയിരിക്കും ഇത്. എന്നാൽ നിങ്ങൾ മറുപടി നൽകിക്കഴിഞ്ഞാൽ അവർ വീണ്ടും അപ്രത്യക്ഷരാകുന്നു. നിങ്ങളുമായി വീണ്ടും പ്രണയത്തിലാവാനോ സംസാരിക്കാനോ അവർക്ക് താല്പര്യമില്ല, മറിച്ച് നിങ്ങളുടെ ജീവിതത്തിൽ അവർക്ക് ഇപ്പോഴും ഒരു സ്ഥാനമുണ്ടോ എന്ന് വെറുതെ ഒന്ന് പരിശോധിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം.
എന്തുകൊണ്ട് ഇവർ ഇത് ചെയ്യുന്നു?
മനഃശാസ്ത്ര വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ പേപ്പർ ക്ലിപ്പിംഗിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്: ഏകാന്തതയും വിരസതയും.

