Headlines

പെട്ടി പരിശോധിച്ചും ഭീഷണിപ്പെടുത്തിയും നിലമ്പൂരിൽ ജയിക്കാനാവില്ലെന്ന് ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ പെട്ടി വിവാദത്തിൽ പ്രതികരിച്ച് യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും. എൽ.ഡി.എഫ് നേതാക്കളുടെ പെട്ടി പരിശോധിക്കുന്നില്ലെന്ന് പറഞ്ഞ ആര്യാടൻ ഷൗക്കത്ത്. പെട്ടി പരിശോധിച്ചും ഭീഷണിപ്പെടുത്തിയും നിലമ്പൂരിൽ ജയിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി.

ഇന്നലെ രാത്രി 10 മണിക്കാണ് തെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി മടങ്ങിയ ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പോലീസ് പരിശോധന നടത്തിയത്. രാത്രി ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങുംവഴി നിലമ്പൂരിൽ വടപുറത്ത് വച്ചായിരുന്നു വാഹന പരിശോധന. ഷാഫി പറമ്പിൽ ആണ് വാഹനം ഓടിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ മുൻപിലുള്ള സീറ്റിൽ തന്നെ ഉണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഷാഫിയും രാഹുലും മറ്റുള്ളവരും പുറത്തിറങ്ങി. തുടർന്ന് കാറിനുള്ളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഡിക്കി തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പ്രകാരം ഡിക്കിയിൽ നിന്നും ഷാഫി പെട്ടികൾ എടുത്ത് റോഡിൽ വച്ചു. പെട്ടികൾ കണ്ട ഉദ്യോഗസ്ഥർ തുറന്ന് പരിശോധിക്കാതെ യാത്ര തുടരാൻ ഷാഫി അടക്കമുള്ളവരോട് പറഞ്ഞു. എന്നാൽ, പെട്ടി തുറന്ന് പരിശോധിക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ പെട്ടിക്കുള്ളിൽ വസ്ത്രങ്ങളും പുസ്തകങ്ങളും ആണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. അതേസമയം, തെരഞ്ഞെടുപ്പ് കാലത്തുള്ള സ്വാഭാവിക പരിശോധന മാത്രമാണെന്നും വാഹനത്തിൽ എം.പിയെയും എം.എൽ.എയെയുമാണെന്ന് മനസിലായില്ലെന്നും പൊലീസ് പറഞ്ഞു. പൊട്ടി മുളച്ച് എം.എൽ.എയെയും എം.പിയും ആയതല്ലെന്നും ഇതൊക്കെ കുറേ കണ്ടിട്ട് തന്നെയാണ് വന്നതെന്നും ഷാഫി പറമ്പിൽ മറുപടി നൽകി.

Leave a Reply