Headlines

പാർവതി തിരുവോത്തിനെതിരെ പരോക്ഷ വിമർശനവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ

നടി പാർവതി തിരുവോത്തിനെതിരെ പരോക്ഷ വിമർശനവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ രം​ഗത്ത്. ഹേമാകമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നെന്നും സിനിമാ നയം വന്നതും നിയമനിർമ്മാണം നടത്തുന്നതും കോൺക്ലേവ് തീരുമാനിച്ചതും റിപ്പോർട്ടിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു. ഹേമാകമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്..ഇതൊന്നും അറിയാത്ത ആളുകളല്ല ചില കമന്റുകൾ പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കിയതിൽ വിമർശനവുമായാണ് നടി പാർവതി രംഗത്തെത്തിയത്. കമ്മിറ്റി മുമ്പാകെ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടികൾ അവസാനിപ്പിച്ചത്. ഈ വാർത്ത ഷെയർ ചെയ്തുകൊണ്ടാണ് പാർവതി സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്.

അഞ്ചര വർഷമായല്ലോ ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച്, എന്തെങ്കിലും തീരുമാനമായോ? എന്ന് പാർവതി മുഖ്യമന്ത്രിയോട് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ചോദിച്ചു.’എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതിൽ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ. സിനിമാ മേഖലയിൽ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നയങ്ങൾ രൂപീകരിക്കുക എന്നതായിരുന്നല്ലോ ആ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ ലക്ഷ്യം, അല്ലേ? അതിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോൾ സംഭവിക്കുന്നത്? വലിയ ധൃതിയൊന്നുമില്ല കേട്ടോ, റിപ്പോർട്ട് സമർപ്പിച്ചിട്ട് ആകെ അഞ്ചര വർഷമല്ലേ കഴിഞ്ഞുള്ളൂ’-പാർവതി ചോദിച്ചത്.

Leave a Reply