Headlines

പാർട്ടി ഓഫീസിൽ നിന്നും വി എസ് യാത്രയായി; വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്

വിഎസിന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ഡിസി ഓഫീസിൽ നിന്ന് ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് പുറപ്പെട്ടു. ജനസാഗരമാണ് അതിശക്തമായ മഴയെ അവഗണിച്ചും വിഎസിനെ കാണാൻ വഴിയോരത്ത് തടിച്ചു കൊണ്ടിരിക്കുന്നത്. നിശ്ചയിച്ചതിലും മണിക്കൂറുകളോളം വൈകിയാണ് വിലാപയാത്ര കടന്നുപോകുന്നത്. റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം കൂടെ അവസാനിച്ചാൽ മൃതദേഹം വലിയ ചുടുകാട്ടിൽ സംസ്‌കരിക്കും. റിക്രിയേഷൻ ഗ്രൗണ്ടിലും ആയിരക്കണക്കിന് ജനങ്ങളാണ് പ്രിയ സഖാവിനെ കാണാൻ വരിനിൽക്കുന്നത്.

ജീവിതത്തെ തന്നെ പോരാട്ടമാക്കിയ കേരളത്തിന്റെ പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന് വീരോചിത യാത്രയയപ്പാണ് നാട് നൽകുന്നത്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്തുമണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. മൃതദേഹവും വഹിച്ചുള്ള പുഷ്പാലംകൃത ബസ് 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ എത്തിയത്.

വേലിക്കകത്ത് വീട്ടിൽ വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ആയിരക്കണക്കിന് പേർ അഭിവാദ്യമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എം എ ബേബി, എം വി ഗോവിന്ദൻ അടക്കമുള്ള പാർട്ടി നേതാക്കളും ആബാലവൃദ്ധം ജനങ്ങളും പാർട്ടി ജില്ലാ ഓഫീസിലുണ്ടായിരുന്നു.

Leave a Reply