ദുബായ് എമിറേറ്റിലെ ഏറ്റവും വലിയ പാർക്കിങ് നിയന്ത്രണ സ്ഥാപനമായ ‘പാർക്കിൻ’ ഈ വർഷം 3,000 പാർക്കിങ് സ്ഥലങ്ങൾ കൂടി ഏറ്റെടുക്കും. നഗരഗതാഗതം മെച്ചപ്പെടുത്തുകയും ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതോടൊപ്പം രണ്ടു വർഷത്തിനകം നാല് മൾട്ടി സ്റ്റോറി കാർ പാർക്കിങ് സ്ഥലങ്ങൾ നിർമിക്കുന്നതിനുള്ള തയാറെടുപ്പുകളും കമ്പനി ആരംഭിച്ചിട്ടുണ്ട്.
ഈ വർഷം രണ്ടാംപാദത്തോടെ പാർക്കിൻ നിയന്ത്രിക്കുന്ന പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം 2,11,500 ആയിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ആറു ശതമാനം വർധനയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തേ നഗരത്തിൽ കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ‘പാർക്കിൻ’ 29,600 പുതിയ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുന്നതിന് ദുബൈ ഹോൾഡിങ് കമ്പനിയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചിരുന്നു.
എമിറേറ്റിലെ പാർക്കിങ് സൗകര്യങ്ങൾ നിയന്ത്രിക്കുന്നതിനാണ് കഴിഞ്ഞ വർഷം ജനുവരിയിൽ ദുബൈ സർക്കാർ ‘പാർക്കിൻ കമ്പനി രൂപപ്പെടുത്തിയത്. പൊതു പാർക്കിങ്, പൊതു മൾട്ടി സ്റ്റോറി കാർ പാർക്കി ങ്, സ്വകാര്യ പാർക്കിങ് സ്ഥലങ്ങൾ എന്നിവ കമ്പനിക്ക് കീഴിലുണ്ട്. എമിറേറ്റിലെ പള്ളികൾക്ക് സമീപത്തെ പാർക്കിങ് സ്ഥലങ്ങളിൽ ആഗസ്റ്റ് മാസം മുതൽ പെയ്ഡ് പാർക്കിങ് നടപ്പാക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി ‘പാർക്കിൻ’ 59 ഇടങ്ങളിലെ 2100 പാർക്കിങ് സ്ഥലങ്ങളാണ് നിയന്ത്രിക്കുന്നത്

