Headlines

പാസ്‌പോർട്ട് വിട്ടുതരണം; കോടതിയെ സമീപിച്ച് ദിലീപ്

പാസ്‌പോർട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. നേരത്തെ ഒന്നിലധികം തവണ ദിലീപിന് കോടതി പാസ്‌പോർട്ട് വിട്ടുനൽകിയിരുന്നു. കേസിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ പാസ്‌പോർട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നടൻ കോടതിയെ സമീപിച്ചിരിക്കുന്നത്. ഗൂഢാലോചനക്കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ദിലീപിനെ കുറ്റവിമുക്തമാക്കിയത്.

2017ൽ ഹൈക്കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയതിന് പിന്നാലെ പാസ്‌പോർട്ട് ലഭിച്ചിരുന്നു. യുഎഇ കരാമയിൽ തുടങ്ങിയ ഭക്ഷണശാലയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനായിരുന്നു അന്ന് പാസ്‌പോർട്ട് ആവശ്യപ്പെട്ടത്. വിദേശത്ത് നിന്ന് തിരികെ എത്തിയതിന് പിന്നാലെ അഭിഭാഷകൻ മുഖേന ദിലീപ് പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.പിന്നീട്, 2018 നവംബറിൽ വർക്ക് വിസ ആവശ്യത്തിനായി പ്രിൻസിപ്പൽ സെഷൻസ് കോടതി ദിലീപിന് വീണ്ടും പാസ്‌പോർട്ട് താത്കാലികമായി വിട്ടുനൽകി. അതിനുശേഷവും കോടതിയുടെ അനുമതിയോടെ മാത്രമായിരുന്നു ദിലീപിന് പാസ്‌പോർട്ട് അനുവദിച്ചിരുന്നത്.

Leave a Reply