Headlines

പാവയ്ക്കയിലെ കയ്പ്പ് മാറ്റാൻ ചില പൊടിക്കൈകൾ നോക്കിയാലോ

നിരവധി പോഷകഗുണമുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പിന്റെ അഭാവമുള്ളവർക്ക് നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താനാവുന്നതാണ് ഇത്. എന്നാൽ പാവയ്ക്കയുടെ കയ്പ്പ്‌ പലർക്കും ഇഷ്ടമല്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റുന്ന ആരോഗ്യ ഭക്ഷണമായിട്ടുപോലും പലരെയും ഇതിൽ നിന്ന്അകറ്റുന്നതും ഈ കയ്പ്പ് തന്നെയാണ്. എന്നാൽ പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാന്‍ ചില വഴികൾ പരീക്ഷിച്ചാലോ?.

പുറമെയുള്ള പരുക്കൻ ഭാഗം ഒരു പീലർ ഉപയോഗിച്ച് നീക്കം ചെയ്യുന്നത് പാവയ്ക്കയുടെ കയ്പ്പില്‍ നിന്ന് രക്ഷപെടാൻ നല്ല മാർഗ്ഗമാണ്.

പാവയ്ക്കാ നന്നായി കഴുകിയ ശേഷം രണ്ടായി മുറിച്ചെടുക്കുക. ഉള്ളിൽ ഉള്ള കുരു എല്ലാം ഒരു സ്പൂൺ വച്ചു വടിച്ചു കളയുക. അതിനുശേഷം അതിനു താഴെ ഉള്ള വെളുത്ത നിറത്തിലുള്ള പാടയും പറ്റാവുന്നിടത്തോളം സ്പൂൺ വച്ചു കളയുക. ഇത് കയ്പ് കുറയ്ക്കാൻ സഹായിക്കും.

കഷണങ്ങളാക്കിയ പാവയ്ക്ക നന്നായി ഉപ്പ് പുരട്ടി 20 മുതൽ 30 മിനിട്ടു വരെ പാകം ചെയ്യുന്നതിന് മുമ്പ് മാറ്റി വയ്ക്കുക. ശേഷം കഴുകി കറികൾക്കായി ഉപയോഗിക്കാം.

ഉപ്പ് പുരട്ടി വയ്ക്കുന്നതിന് മുമ്പ് പാവക്ക നന്നായി പിഴിഞ്ഞ് നീര് കളയുന്നതും കയ്പ്പ്‌ കുറയ്ക്കും. ഉപ്പ് പുരട്ടി വച്ച ശേഷം പാകം ചെയ്യാനെടുക്കുമ്പോൾ പാവയ്ക്ക വീണ്ടും കഴുകി ഒന്നുകൂടി പിഴിഞ്ഞെടുക്കണം.

പാവയ്ക്ക കഷ്ണങ്ങളാക്കിയ ശേഷം കുറച്ചു ഉപ്പ്, 2 ടേബിൾ സ്പൂൺ വിനാഗിരി എന്നിവ ഒഴിച്ച് ഇളക്കി അര മണിക്കൂർ വയ്ക്കുക. അതിനുശേഷം അതിൽ വരുന്ന നീര് കളയുക. അതിനുശേഷം മൂന്ന് നാലു പ്രാവശ്യം കഴുകുക. വിനാഗിരി ഒഴിച്ച് വയ്ക്കുന്നതു കൊണ്ട് പാവക്കയിലെ വിഷാംശം പോയ്‌ കിട്ടാനും സഹായിക്കും.

കഷണങ്ങളാക്കിയ പാവയ്ക്ക ഒരു മണിക്കൂർ തൈരിൽ മുക്കി വച്ചശേഷം പാകം ചെയ്താൽ പാവയ്ക്കയുടെ കയ്പ്പ്‌ കുറയും.

നുറുക്കി വച്ച പാവയ്ക്ക കഷ്ണത്തിൽ കുറച്ച് ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ തിരുമ്മി വയ്ക്കുക.10 മിനിറ്റ് കഴിഞ്ഞു രണ്ടു മൂന്നു പ്രാവശ്യം കഴുകിയ ശേഷം ഉപയോഗിക്കാം .

പാവയ്ക്ക ഫ്രൈ ചെയ്തെടുത്ത ശേഷം കറികൾക്കായി ഉപയോഗിക്കുന്നതും ഇതിന്റെ കയ്പ്പ്‌ കുറയ്ക്കും.

പാവയ്ക്ക കഷ്ണങ്ങളാക്കിയ ശേഷം കുറച്ചു പുളി പിഴിഞ്ഞ വെള്ളത്തിൽ ഇട്ടു വയ്ക്കുക. അതും പാവക്കയുടെ കയ്പ്പ് കുറക്കാൻ സഹായിക്കും.

Leave a Reply