ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന്‍റെ ടോസ് സമയത്തും മത്സരശേഷവും പാക് താരങ്ങളുമായി പതിവ് ഹസ്തദാനത്തിന് തയാറാവാതെ ഇന്ത്യ അവഗണിച്ചതിന് പിന്നിലെ ബുദ്ധി കോച്ച് ഗൗതം ഗംഭീറിന്‍റേതെന്ന് റിപ്പോര്‍ട്ട്. മത്സരത്തില്‍ ടോസിനുശേഷം പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയുമായി ഹസ്തദാനം ചെയ്യാതിരുന്ന ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മത്സരശേഷം പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാനും തയാറായില്ല. ഇന്ത്യൻ താരങ്ങളാരും മത്സരം പൂര്‍ത്തിയായപ്പോള്‍ ഗ്രൗണ്ടിലേക്കിറങ്ങി പതിവ് ഹസ്തദാനത്തിന് മുതിര്‍ന്നിരുന്നില്ല. ഹസ്തദാനത്തിനായി പാക് താരങ്ങള്‍ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിന് അടുത്തെത്തിയെങ്കിലും ഡ്രസ്സിംഗ് റൂമിന്‍റെ വാതിലുകള്‍ അടച്ചിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെയും അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ മത്സരത്തില്‍ പാക് താരങ്ങളുമായി യാതൊരു തരത്തിലുള്ള സൗഹൃദവും വേണ്ടെന്ന കര്‍ശന നിലപാടെടുത്തത് കോച്ച് ഗൗതം ഗംഭീറായിരുന്നുവെന്നാണ് സൂചന. മത്സരത്തിനു മുമ്പോ ശേഷമോ പാക് താരങ്ങളുമായി ഹസ്തദാനത്തിനോ വാക് പോരിനോ മുതിരരുതെന്ന് ഗംഭീര്‍ ടീം അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി ടെലികോ ഏഷ്യാ സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെയും അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന് രാജ്യത്ത് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു.

