പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി. അതിർത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ലെന്നും ഭീകരർക്ക് താവളം നൽകുന്നതിനെ എതിർക്കുമെന്നും ബ്രിക്സ് ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തിൽ വ്യക്തമാക്കി. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാം ബ്രിക്സ് ഉച്ചകോടിയിലാണ് ഭീകരതയ്ക്കെതിരായ അംഗരാജ്യങ്ങളുടെ സംയുക്ത പ്രഖ്യാപനം. രാഷ്ട്രീയ നേട്ടങ്ങൾക്കായി തീവ്രവാദികളെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയ്ക്കൊപ്പം നിന്നവർക്ക് നന്ദിയെന്നും പഹൽഗാം ഭീകരാക്രമണം മാനവരാശിക്കുനേരെയുളള ആക്രമണമാണെന്നും അദ്ദേഹം ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.
‘മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ഭീകരവാദം. പഹൽഗാമിൽ ഇന്ത്യ നേരിട്ടത് മനുഷ്യത്വരഹിതമായ ഭീകരാക്രമണമാണ്. ഏതെങ്കിലും രാജ്യം ഭീകരതയ്ക്ക് നേരിട്ടോ അല്ലാതെയോ പിന്തുണ നൽകിയാൽ അതിന് വലിയ വില നൽകേണ്ടിവരും. ഭീകരർക്ക് ഉപരോധം ഏർപ്പെടുത്താൻ ഒരു മടിയും പാടില്ല. ഭീകരതയുടെ ഇരകളെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒരുപോലെ കാണാനാകില്ല. ഭീകരതയെ അപലപിക്കുക എന്നത് നമ്മുടെ തത്വമായിരിക്കണം’- നരേന്ദ്രമോദി പറഞ്ഞു.
ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തെയും ബ്രിക്സ് വിമർശിച്ചു. ഗാസയിൽ ഉപാധികളില്ലാതെ അടിയന്തര വെടിനിർത്തൽ വേണമെന്ന് ബ്രിക്സ് പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഇറാനുനേരെയുളള ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനിക നടപടികളെയും അപലപിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവകൾ ആഗോള സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ബ്രിക്സ് നേതാക്കൾ ആരോപിച്ചു. ഇന്ത്യയ്ക്കും ബ്രസീലിനും യുഎന്നിൽ കൂടുതൽ പങ്കാളിത്തം നൽകണമെന്ന് ചൈനയും റഷ്യയും ആവശ്യപ്പെട്ടു.

