Headlines

പഹൽഗാം ഭീകരാക്രമണം മറക്കാൻ കഴിയില്ല, ഗാസയിലെ ജനങ്ങൾ പുഞ്ചിരിക്കുന്ന ഒരു നാളെയുണ്ടാകും; പെരുന്നാൾ സന്ദേശത്തിൽ പാളയം ഇമാം

വലിയ പെരുന്നാളിന്റെ സന്തോഷങ്ങളിൽ മുഴുകുമ്പോൾ ഗാസയിലെ ജനങ്ങൾ അതികഠിനമായ പ്രയാസങ്ങളാണ് അനുഭവിക്കുന്നതെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. ബക്രീദ് ദിന സന്ദേശത്തിലായിരുന്നു ഇമാമിന്റെ പ്രതികരണം. ‘സയണിസ്റ്റ് കാപാലികർ പലസ്തീനികളെ ക്രൂരമായി കൊലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശത്തെയും അന്താരാഷ്ട നിയമങ്ങളെയും വെല്ലുവിളിച്ച് കൊണ്ട് പലസ്തീനികളെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കാനാണ് ഇസ്രയേലിന്റെ ശ്രമം. കൊച്ചുകുട്ടികളെ പട്ടിണിക്കിട്ടുകൊണ്ടും ക്രൂരത തുടരുകയാണ്. പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾ ഉടൻ മരിച്ചുവീഴുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. എന്നാൽ നിരപരാധികളെ വെടിവെച്ചുവീഴ്ത്തുകയാണ് ഇസ്രയേൽ. അതുകൊണ്ടുതന്നെ പലസ്തീനികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം’ എന്ന് ഇമാം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

നെതന്യാഹുവിന്റെ എല്ലാ ക്രൂരതകൾക്കും മേലൊപ്പ് ചാർത്തുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നും ഇമാം വിമർശിച്ചു. ഡൊണാൾഡ് ട്രംപിന് പച്ചപ്പരവതാനി വിരിച്ചുകൊടുക്കുകയാണ് അറബ് രാജ്യങ്ങൾ. എന്നാൽ പലസ്തീനികൾക്ക് വേണ്ടി കരുത്തുള്ള ഒരു ശബ്ദമായി മാറാൻ അറബ് രാജാക്കന്മാർക്ക് കഴിയുന്നില്ല. ഇതെല്ലാം കണ്ടുകൊണ്ട് നിശബ്ദമായി നിൽക്കുന്ന ഈ ലോകത്തെ പുരോഗമനപരമെന്ന് വിളിക്കുന്നത് എന്ത് വിരോധാഭാസമാണ്. ഗാസയിലെ ജനങ്ങൾ പുഞ്ചിരിക്കുന്ന ഒരു നാളെയുണ്ടാകുമെന്നും വി പി സുഹൈബ് മൗലവി പറഞ്ഞു.

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെയും ഇമാം അപലപിച്ചു. സമാധാനം തകർക്കുന്ന ഒന്നും ഒരു വിശ്വസിയുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ല. പഹൽഗാമിൽ നടന്ന മനുഷ്യത്വരഹിതമായ സംഭവത്തെ വിസ്മരിക്കാനാകില്ല. ഒരു മതവും ആത്മീയ ചിന്തയും ഭീകര പ്രവണതയെ അംഗീകരിക്കില്ല എന്നും മനുഷ്യരെ അന്യായമായി വധിക്കുന്നത് പൈശാചികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതപരമായി നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കാൻ കഴിയില്ല. അത് ഭീകരാക്രമണം നടന്ന ശേഷം നമ്മൾ കണ്ടതാണ്. രാഷ്ട്രീയനേട്ടങ്ങൾക്ക് വേണ്ടി ഇത്തരം സംഭവങ്ങളെ ഉപയോഗിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും ഇമാം മുന്നറിയിപ്പ് നൽകി. ഭീകരർക്കെതിരെ നടന്ന സൈനിക നടപടിയെയും അദ്ദേഹം പ്രശംസിച്ചു.
വഖഫ് വിഷയത്തിൽ ക്ഷമ കൈവിടാതെ നിയമത്തിൽ വിശ്വസിച്ചും ഭരണഘടനയിൽ പ്രതീക്ഷ അർപ്പിച്ചും മുന്നോട്ട് പോകാൻ ഇമാം വിശ്വാസികളോട് അധ്വാനം ചെയ്തു. വഖഫ് നിയമത്തിലൂടെ പള്ളി അടക്കം ഒന്നും നഷ്ടപ്പെടാൻ പാടില്ല എന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ആശ്വാസം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply