പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ അന്വേഷണത്തിൽ നിർണ്ണായക വഴിതിരിവ്. ഭീകരർക്ക് നേരിട്ട് സഹായം നൽകിയ രണ്ടുപേരെ എൻഐഎ പിടികൂടി. പഹൽഗാം സ്വദേശികളായ പർവേസ് അഹമ്മദ് ജോഥർയും ബാഷിർ അഹമ്മദ് ജോഥർയുമാണ് അറസ്റ്റിലായത്. യുഎപിഎയുടെ 19-ാം വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ആക്രമണത്തിന് മുൻപ് പർവേസും ബാഷിറും ബൈസരൺ താഴ്വരയിലെ ഹിൽ പാർക്കിലെ താത്ക്കാലിക കുടിലിൽ ഭീകരർക്ക് താമസ സൗകാര്യം ഒരുക്കി. ഭീകരർക്കാവശ്യമുള്ള ഭക്ഷണവും മറ്റ് സഹായങ്ങളും ഇവർ നൽകിയതായും അന്വേഷണസംഘം കണ്ടെത്തി. എൻഐഎയുടെ പോദ്യംചെയ്യലിൽ ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെയും വിവരങ്ങൾ ഇവർ കൈമാറിയതായും അന്വേഷണ ഏജൻസി അറിയിച്ചു.
പാകിസ്താൻ പൗരന്മാരായ മൂന്ന് ലഷ്‌കാരെ തൊയ്ബ ഭീകരനാണ് ആക്രമണം നടത്തിയത് എന്നാണ് ഇരുവരുടെയും മൊഴി. ആക്രമണം നടത്തി ഭീകരർ പാകിസ്താനിലേക്ക് തിരിച്ചുകടന്നതായും സൂചനകൾ ഉണ്ട്. എൻഐഎ അറസ്റ്റ് ചെയ്ത രണ്ട് പേരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

