യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സിന് 2025ൽ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം. കഴിഞ്ഞ വർഷം 2.24 കോടി യാത്രക്കാരാണ് ഇത്തിഹാദിൽ പറന്നത്. വിമാനക്കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത്. 2024നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 21 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.വർഷാവസാനമായ ഡിസംബറിലും ഇത്തിഹാദ് നേട്ടം ആവർത്തിച്ചു. 22 ലക്ഷം യാത്രക്കാരാണ് ഡിസംബറിൽ മാത്രം ഇത്തിഹാദ് തിരഞ്ഞെടുത്തത്. മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 28 ശതമാനം വർധനവാണിത്. വിമാനങ്ങളിലെ സീറ്റുകൾ നിറയുന്ന നിരക്ക് (ലോഡ് ഫാക്ടർ) 88.3 ശതമാനമായി ഉയർന്നതും മികച്ച വാണിജ്യ മുന്നേറ്റത്തിന്റെ സൂചനയാണ്.
∙ നേട്ടത്തിന് കരുത്തേകി പുതിയ വിമാനങ്ങൾ
ഇത്തിഹാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണത്തിനാണ് 2025 സാക്ഷ്യം വഹിച്ചത്. ഒറ്റ വർഷത്തിനുള്ളിൽ 29 പുതിയ വിമാനങ്ങളാണ് ഇത്തിഹാദ് നിരയിലേക്ക് ചേർത്തത്. ഇതോടെ ആകെ വിമാനങ്ങളുടെ എണ്ണം 127 ആയി ഉയർന്നു. എയർബസ് എ321എൽആർ വിമാനങ്ങൾ അവതരിപ്പിച്ചതോടെ കുറഞ്ഞ ദൂരത്തേക്കും ഇടത്തരം ദൂരത്തേക്കുമുള്ള യാത്രക്കാർക്ക് പ്രീമിയം സൗകര്യങ്ങൾ ലഭ്യമാക്കാൻ കമ്പനിക്ക് സാധിച്ചു.

