ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ നാമനിർദേശ പത്രിക പിൻവലിക്കാൻ യു.ഡി.എഫിന് മുന്നിൽ ഉപാധികളുമായി സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ രംഗത്ത്. 2026ൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തര വകുപ്പും വനം വകുപ്പും തനിക്ക് നൽകുകയോ അല്ലെങ്കിൽ വി.ഡി. സതീശനെ നേതൃ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യണമെന്ന് യു.ഡി.എഫിനെ അറിയിച്ചതായി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ചാൽ യു.ഡി.എഫ് മുന്നണി പോരാളിയായി താൻ ഉണ്ടാകും. സതീശൻ മുക്കാൽ പിണറായിയാണെന്നും അൻവർ പരിഹസിച്ചു.
‘ഇന്ന് രാവിലെ ഒമ്പതുമണിവരെയും യു.ഡി.എഫിന്റെ വേണ്ടപ്പെട്ട നേതാക്കൾ തന്നെ ബന്ധപ്പെട്ടിരുന്നു. അവരോട് ഞാന്‍ ഒറ്റക്കാര്യം മാത്രമേ ആവശ്യപ്പെട്ടിട്ടൊള്ളൂ. 2026ൽ യു.ഡി.എഫ് ഭരണത്തിലെത്തിയാല്‍ ആഭ്യന്തരം, വനം വകുപ്പുകൾ തനിക്ക് വേണം. ഇക്കാര്യം എഗ്രിമെന്‍റാക്കി പൊതുമധ്യത്തില്‍ പറയണം. എന്നാല്‍ വി.ഡി. സതീശനെ യു.ഡി.എഫിന്റെ നേതൃസ്ഥാനത്തിരുത്തിക്കൊണ്ട് ഞാനങ്ങോട്ട് വരില്ല. ഒരു പിണറായിയെ ഇറക്കി, മറ്റൊരു മുക്കാൽ പിണറായിയെ കയറ്റാൻ ഞാനില്ല. സതീശനെ മാറ്റി മറ്റൊരാളെ ആ സ്ഥാനത്ത് കൊണ്ടുവരണം. ഇനിയൊരു പിണറായിയെ സൃഷ്ടിക്കാന്‍ ഞാനില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് പിന്മാറില്ല. സതീശനാണ് തന്നെ മത്സര രംഗത്തിറക്കിയത്’ -അന്‍വര്‍ പറഞ്ഞു.
ആഭ്യന്തര, വനം വകുപ്പുകളാണ് ഇവിടെ ശുദ്ധീകരിക്കപ്പെടേണ്ടത്. ഐ.എഫ്.എസ് ഉദ്യോഗസ്ഥർ കേന്ദ്ര ലോബിയുടെ സഹായത്തോടെ മലയോര ജനതയെ കുടിയിറക്കാൻ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാക്കി മലയോര മേഖലയെ മാറ്റുകയാണെന്നും അൻവർ കുറ്റപ്പെടുത്തി. മലപ്പുറം ജില്ല വിഭജിക്കണം. മലപ്പുറം ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്തുന്നില്ല. ഇക്കാര്യം ഉന്നയിച്ച് തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തും. ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക പിന്തുണ ഉണ്ടെന്ന് പറഞ്ഞിട്ടില്ല. പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പറഞ്ഞത്. എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും തന്നെ പിന്തുണക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.

