നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും രാജ്യത്തെ യുവജനങ്ങൾ നേതൃത്വം നൽകിയ പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. 347 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനിടെ സംഘർഷങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെച്ചു. തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം പ്രധാനമന്ത്രി കെ പി ശർമ്മ ഒലിക്ക് രാജി സമർപ്പിച്ചത്.
അഴിമതിക്കും സമൂഹമാധ്യമങ്ങൾക്ക് അടുത്തിടെ ഏർപ്പെടുത്തിയ നിരോധാനത്തിനെതിരെയാണ് യുവാക്കൾ തെരുവിലിറങ്ങി പ്രക്ഷോഭം സംഘടിപ്പിച്ചത്.ഉച്ചകഴിഞ്ഞ് അധികൃതർ കർഫ്യൂ ഏർപ്പെടുത്തിയിട്ടും, തലസ്ഥാന
നഗരിയിലെ പ്രതിഷേധങ്ങൾ തുടരുന്നുണ്ട്.ഫെഡറൽ പാർലമെന്റ് മന്ദിരത്തിന് പുറത്ത് തടിച്ചുകൂടിയ പ്രകടനക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും വെടിയുണ്ടകളും ഉപയോഗിച്ചു.
ഝാപ്പയിൽ, പ്രകടനക്കാർ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ വസതിക്ക് നേരെ കല്ലെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് പലതവണ വെടിയുതിർത്തു. ടയറുകൾ കത്തിച്ച് പ്രതിഷേധക്കാർ ഈസ്റ്റ്-വെസ്റ്റ് ഹൈവേയുടെ പല ഭാഗങ്ങളും ഉപരോധിച്ചു. സുരക്ഷാ സേനയും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.

