നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി കുൽമൻ ഘിസിങ് ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ഊർജ പ്രതിസന്ധി പരിഹരിച്ചെന്ന ഖ്യാതിയുള്ള ഈ 54-കാരൻ, നേപ്പാൾ വൈദ്യുതി ബോർഡിന്റെ മുൻ ചെയർമാൻ കൂടിയാണ്. സാമൂഹികമാധ്യമ നിരോധനത്തിനും രാജ്യത്ത് പടർന്നുപിടിക്കുന്ന അഴിമതിക്കുമെതിരേ യുവാക്കൾ തെരുവിലിറങ്ങുകയും കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെയാണ് കെ.പി. ശർമ ഒലിക്ക് പ്രധാനമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്.
കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ, നേപ്പാൾ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി എന്നിവരുടെ പേരുകളും പ്രധാനമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ഒടുവിൽ കുൽമനിലേക്ക് എത്തിച്ചേരുകയായിരുന്നു. ഏവർക്കും പ്രിയങ്കരനായ ദേശസ്‌നേഹി എന്നാണ് ജെൻ സീ പ്രതിഷേധക്കാർ കുൽമനെ വിശേഷിപ്പിച്ചത്. 1979 നവംബർ 25-ന് ബേതാനിൽ ജനിച്ച കുൽമൻ, ഇന്ത്യയിലെ ജംഷഡ്പുരിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്നാണ് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയത്.
കാഠ്മണ്ഡു മേയറായിരുന്ന ബാലേന്ദ്രയ്ക്കായിരുന്നു പ്രധാനമന്ത്രിപദത്തിലേക്കുള്ള ജെൻ സീ പ്രതിഷേധക്കാരുടെ ആദ്യ പരിഗണന. എന്നാൽ, അദ്ദേഹം അതിന് തയ്യാറാകാതെവന്നതോടെ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീലയിലേക്കെത്തി. എന്നാൽ, പ്രതിഷേധക്കാരിൽ ഒരുവിഭാഗം അനിഷ്ടം പ്രകടിപ്പിച്ചതോടെ കുൽമാനിലേക്ക് എത്തിച്ചേരുകയായിരുന്നു.

