കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് അടച്ചിട്ട ലോ കോളേജ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കനത്ത പോലീസ് സുരക്ഷയിലാണ് നിലവില്‍ കോളേജ് തുറന്നിരിക്കുന്നത്. എന്നാല്‍ പീഡനത്തിന് ഇരയായ യുവതി കടന്നു പോകുന്ന സാഹചര്യം വളരെ മോശമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പീഡനത്തിനെ തുടര്‍ന്നുണ്ടായ മാനസീക ആഘാതം കൂടാതെ പേടിയിലാണ് ദിവസങ്ങൾ കടന്നു പോകുന്നത് എന്നാണ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് പറയുന്നത്. ‘ആ ചെകുത്താൻ ജയിലില്‍ നിന്ന് തിരിച്ചു വന്നാൽ എനിക്കെന്തെങ്കിലും സംഭവിക്കുമോ?’ എന്നാണ് മകൾ നിരന്തരം തന്നോട് ചോദിച്ചുകൊണ്ടിരിക്കുന്നതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന പ്രതി മനോജിത്ത് ഇനിയും തന്നെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുമോ എന്ന പേടിയിലാണ് പെണ്‍കുട്ടി എന്നാണ് പിതാവ് വ്യക്തമാക്കിയിരിക്കുന്നത്.
ഒമ്പത് അംഗ പ്രത്യക അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. എസിപി പ്രദീപ് കുമാർ ഗോസലിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. കൊല്‍ക്കത്ത ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെയാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മറ്റ് രണ്ടുപേര്‍ നിലവിലെ വിദ്യാര്‍ത്ഥികളുമാണ് മറ്റൊരാള്‍ കൊളേജിലെ സെക്യൂരിറ്റി ജീവനക്കാരനും. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ മനോജ് മിശ്രയുടെ വിവാഹാഭ്യര്‍ത്ഥന താന്‍ നിരസിച്ചിരുന്നതായി പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണെന്നാണ് റിപ്പോര്‍ട്ട്.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനിയുടെ ആണ്‍ സുഹൃത്തിനെ ഉപദ്രവിക്കുമെന്നും മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും മനോജ് മിശ്ര ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി ആരോപിക്കുന്നു. കോളേജിലെ ഗാര്‍ഡ് റൂമിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയാണ് പ്രതികള്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കേസിലെ നാലു പ്രതികളില്‍ മൂന്നുപേര്‍ കൃത്യം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞിട്ടുണ്ട്. പ്രതികളായ മനോജിത്ത് മിശ്ര, പ്രതീം മുഖര്‍ജി, സയ്യിദ് അഹമ്മദ് എന്നിവര്‍ മുന്‍പും കോളേജിലെ വിദ്യാര്‍ത്ഥിനികളോട് അപമര്യാദമായി പെരുമാറിയിട്ടുണ്ടെന്നും പ്രതികള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി. കൊളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കേസിലെ നാലാം പ്രതി.

