യുഎഇയിലെ ഏറ്റവും ഉയർന്ന മലനിരയായ ജെബൽ ജെയ്‌സിലേക്ക് സന്ദർശകർക്ക് ഇനി പെർമിറ്റില്ലാതെ തന്നെ യാത്ര ചെയ്യാം. മലനിരകളിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കിയതായി അധികൃതർ അറിയിച്ചു. ഇതോടെ സന്ദർശകർക്ക് മുൻകൂർ അനുമതിയില്ലാതെ തന്നെ ജെബൽ ജെയ്‌സിലെ കാഴ്ചകളും ഔട്ട്‌ഡോർ വിനോദങ്ങളും ആസ്വദിക്കാനാകും.കനത്ത മഴയെത്തുടർന്ന് റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാലാണ് നേരത്തെ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ച മലനിരകൾ പിന്നീട് കർശന നിയന്ത്രണങ്ങളോടെ ഭാഗികമായി തുറന്നു നൽകുകയായിരുന്നു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി റോഡുകൾ പൂർണ സജ്ജമായതോടെയാണ് ഇപ്പോൾ നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയത്.
യുഎഇയിലെ ഏറ്റവും ഉയരത്തിലുള്ള റസ്റ്ററന്റായ ‘1484 ബൈ പുരോ’ സന്ദർശിക്കാൻ എത്തുന്നവർക്ക് മുൻകൂർ ബുക്കിങ് നിർബന്ധമാണ്. ബുക്കിങ് കൺഫർമേഷൻ കാണിച്ചാൽ മാത്രമേ റസ്റ്ററന്റിലേക്ക് പ്രവേശനം അനുവദിക്കൂ. അതേസമയം, റെഡ് റോക്ക് ബിബിക്യു പൂർണതോതിൽ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. ജെയ്‌സ് സ്കൈ ടൂർ ഫെബ്രുവരി 18 മുതൽ സാഹസിക പ്രിയരുടെ പ്രിയപ്പെട്ട സിപ്‌ലൈൻ വിനോദമായ ‘ജെയ്‌സ് സ്കൈ ടൂർ’ ഫെബ്രുവരി 18 മുതൽ വീണ്ടും സജീവമാകും. ബുധൻ മുതൽ ഞായർ വരെയും പൊതു അവധി ദിവസങ്ങളിലുമാണ് ഇത് പ്രവർത്തിക്കുക. രാവിലെ 9.30, 11.30, ഉച്ചയ്ക്ക് 2 എന്നിങ്ങനെ മൂന്ന് സമയങ്ങളിലായാണ് സ്കൈ ടൂർ സംഘടിപ്പിക്കുന്നത്. നിലവിൽ പർവ്വത നിരകളിൽ അനുഭവപ്പെടുന്ന തണുത്ത കാലാവസ്ഥ ആസ്വദിക്കാൻ വരും ദിവസങ്ങളിൽ സന്ദർശകരുടെ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

